ലക്‌നൗ: ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന മദ്രസ വിദ്യാർഥികളെ മർദിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഉന്നാവോയിലെ സര്‍ക്കാര്‍ ഇന്റര്‍ കോളേജ് മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് ആക്രമിച്ചത്.
ക്രിക്കറ്റ് ബാറ്റ് കൊണ്ട് കുട്ടികളെ മർദിച്ചതായും വസ്ത്രം വലിച്ച് കീറിയതായും പരാതിയില്‍ പറയുന്നു. ദാറുല്‍ ഉലൂം ഫൈസി ആം മദ്രസയിലെ പ്രധാന അധ്യാപകനായ നിസാര്‍ അഹമ്മദ് മിസ്ബാഹി ആണ് പരാതി നല്‍കിയത്. തന്റെ മദ്രസയിലെ കുട്ടികളെ ക്രൂരമായി മർദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായാണ് പരാതി.
Read More: വീണ്ടും ശ്രീരാമന്റെ പേരില്‍ അക്രമം; ‘ജയ് ശ്രീറാം’ വിളിക്കാന്‍ വിസമ്മതിച്ച 16കാരന് ക്രൂരമര്‍ദ്ദനം
അബ്ദുല്‍ വാരിസ്, മുഹമ്മദ് മുഖദ്ദസ്, മുഹമ്മദ് അലി, ഹാറൂണ്‍ എന്നിവരെയാണ് മർദിച്ചത്. ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കെ ആദിത്യ ശുക്ല, ക്രാന്തി, കമല്‍ എന്നിവര്‍ കുട്ടികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ‘അവര്‍ കുട്ടികളുടെ കൈയ്യില്‍ നിന്നും ബാറ്റ് പിടിച്ചു വാങ്ങി അവരോട് ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞു. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് ബാറ്റ് കൊണ്ട് അടിക്കുകയും വിദ്യാർഥികളെ മൈതാനത്ത് കൂടെ വലിച്ചിഴച്ച് മർദിക്കുകയും ചെയ്തത്. ജയ് ശ്രീറാം വിളിച്ചതിന് ശേഷം രക്ഷപ്പെടാനായി ഓടിയ കുട്ടികളെ കല്ല് കൊണ്ട് എറിയുകയും ചെയ്തു. കുട്ടികളുടെ വസ്ത്രങ്ങളും സൈക്കിളുകളും അക്രമികള്‍ നശിപ്പിച്ചു,’ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ മൂന്ന് വിദ്യാർഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമികളില്‍ ഒരാളെ പൊലീസ് പിടികൂടി. സോഷ്യൽ മീഡിയിയുടെ സഹായത്തോടെ മറ്റ് അക്രമികളെ തിരിച്ചറിഞ്ഞതായും ഇവരെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.