ലക്നൗ: ‘ജയ് ശ്രീറാം’ വിളിക്കാന്‍ വിസമ്മതിച്ചതിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 16കാരനെ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചുവെന്ന് പരാതി. മുഹമ്മദ് താജ് എന്ന 16കാരനാണ് ആക്രമണത്തിന് ഇരയായത്. വെളളിയാഴ്ച്ച ജുമുഅ നമസ്കാരം കഴിഞ്ഞ് തൊപ്പി ധരിച്ച് കിദ്വായി നഗറിലെ വീട്ടിലേക്ക് വരുമ്പോഴാണ് അക്രമത്തിന് ഇരയായതെന്നാണ് പരാതി. വീട്ടിന്റെ തൊട്ടടുത്ത് വെച്ച് ബൈക്കിലെത്തിയ നാലോളം പേര്‍ തന്നോട് തൊപ്പി അഴിച്ച് കളയാന്‍ പറയുകയായിരുന്നു.
പിന്നീട് തൊപ്പി അഴിച്ചതിന് ശേഷം ജയ് ശ്രീറാം വിളിക്കാനും ആജ്ഞാപിച്ചു. എന്നാല്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍മര്‍ദ്ദിച്ചെന്നാണ് താജ് പൊലീസില്‍ പരാതിപ്പെട്ടത്. ‘അവര്‍ എന്റെ തൊപ്പി അഴിച്ച് മാറ്റി. തുടര്‍ന്ന് ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു,’ താജ് പിടിഐയോട് പറഞ്ഞു.
Read More: ‘ജയ് ശ്രീറാം’ മുഴക്കാത്തതിന് ട്രെയിനില്‍ നിന്ന് തളളിയിട്ടതായി മദ്രസാ അധ്യാപകന്റെ പരാതി
പ്രദേശത്ത് തൊപ്പി ധരിക്കുന്നതിന് അനുവാദം ഇല്ലെന്നും അക്രമികള്‍ പറഞ്ഞതായി താജ് പൊലീസിനോട് പറഞ്ഞു. ചില കടക്കാരോട് തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ചെന്നും എന്നാല്‍ പിന്നീട് ചില വഴിയാത്രക്കാര്‍ ഇടപെട്ടപ്പോള്‍ അക്രമികള്‍ സ്ഥലം വിട്ടതായും താജ് പരാതിപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച് അധികാരത്തിലെത്തിയ ശേഷം ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് നിരവധി ആക്രമണങ്ങളാണ് നടന്നത്.