ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായിരുന്ന മുസ്ലിം യുവാവ് മരിച്ചു. ജൂണ്‍ 18ന് നടന്ന ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തബ്രേജ് അന്‍സാരിയാണ് മരിച്ചത്. ഖാരസവാന്‍ സ്വദേശിയാണ് ഇദ്ദേഹം. അതേസമയം മരണകാരണം വ്യക്തമായിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. അക്രമിക്കപ്പെട്ട അന്‍സാരിയെ കൊണ്ട് തീവ്ര ഹിന്ദുത്വ വാദികള്‍ ‘ജയ് ശ്രീറാം, ജയ് ഹനുമാന്‍’ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.
ധക്തിദിഹ് ഗ്രാമത്തില്‍ മോട്ടോര്‍സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് അന്‍സാരിയേയും മറ്റ് രണ്ട് പേരേയും നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചത്. പിന്നീട് പൊലീസെത്തി ഇയാള്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായ അന്‍സാരിയെ ശനിയാഴ്ച്ചയാണ് പൊലീസ് ആശുപത്രിയിലെത്തിച്ചത്. അതേസമയം അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് സന്നദ്ധ പ്രവര്‍ത്തകനായ അഫ്സല്‍ അനീസ് ആരോപിച്ചു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നതായി അമേരിക്കന്‍ റിപ്പോര്‍ട്ട് ഇന്ത്യ നിഷേധിച്ചതിന് പിന്നാലെയാണ് അന്‍സാരിയുടെ മരണവാര്‍ത്ത പുറത്ത് വരുന്നത്. പശു സംരക്ഷണത്തിന്‍റെ പേരില്‍ മുസ്‍ലിങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരായ അക്രമണങ്ങളില്‍ വന്‍ വര്‍ധനവായിരുന്നു നരേന്ദ്ര മോദി പ്രധാനമന്ത്രിയായ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ സംഭവിച്ചത്. എങ്കിലും, എന്‍.ഡി.എയുടെ അമരക്കാരനായി രണ്ടാമതും നിയോഗിക്കപ്പെട്ട ശേഷം ശനിയാഴ്ച അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: ‘പാവങ്ങള്‍ വഞ്ചിക്കപ്പെട്ട പോലെ ന്യൂനപക്ഷ സമുദായങ്ങളും വഞ്ചിക്കപ്പെട്ടു. വോട്ട് ബാങ്ക് രാഷ്ട്രീയക്കാര്‍ അവരെ ചൂഷണം ചെയ്തു. അവര്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇലക്ഷന് ശേഷം മാത്രമായി വിവിധ കാരണങ്ങളാലും കാരണങ്ങള്‍ ഇല്ലാതെയും നിരവധി ആളുകളാണ് അക്രമിക്കപ്പെട്ടത്.