ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിക്കപ്പെട്ട് ആള്‍ക്കൂട്ട മർദനത്തിന് ഇരയായ 22കാരനായ തബ്രേസ് അന്‍സാരിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം മാത്രമാണ് ആയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 27നാണ് അദ്ദേഹം വിവാഹിതനായത്. പൂനെയില്‍ ജോലി ചെയ്യുകയായിരുന്ന അന്‍സാരി തിരിച്ച് പോകാനായി ടിക്കറ്റും എടുത്തിരുന്നു.

ജൂണ്‍ 18ന് നടന്ന ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തബ്രേജ് അന്‍സാരിയാണ് ശനിയാഴ്ച മരിച്ചത്. ഖാരസവാന്‍ സ്വദേശിയാണ് ഇദ്ദേഹം. അതേസമയം, മരണകാരണം വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. അക്രമിക്കപ്പെട്ട അന്‍സാരിയെ കൊണ്ട് തീവ്ര ഹിന്ദുത്വ വാദികള്‍ ‘ജയ് ശ്രീറാം, ജയ് ഹനുമാന്‍’ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

മുസ്‌ലിം ആയത് കൊണ്ട് മാത്രമാണ് തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്ന് അന്‍സാരിയുടെ ഭാര്യ ഷഹിസ്ത പര്‍വീന്‍ ആരോപിച്ചു. മുസ്‌ലിം ആയതിന്റെ പേരില്‍ തന്നെ മർദിച്ചതായി ഭര്‍ത്താവ് ഫോണ്‍ വിളിച്ച് പറഞ്ഞതായും ഷഹിസ്ത വ്യക്തമാക്കി. ‘പുലര്‍ച്ചെ 5 മണിയോടെയാണ് ഭര്‍ത്താവ് ഫോണ്‍ ചെയ്തത്. രാത്രി 10.30 മുതല്‍ ഗ്രാമവാസികള്‍ മർദിക്കുന്നതായി ഭര്‍ത്താവ് പറഞ്ഞു. കളളനെന്ന് വിളിച്ച് മുസ്‌ലിം ആയത് കൊണ്ടാണ് മർദിക്കുന്നതെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം സംസാരിക്കാന്‍ പോലും കഴിയാത്തത്രയും അവശനായിരുന്നു. ഞങ്ങള്‍ക്ക് നീതിയാണ് വേണ്ടത്. എന്റെ ഭര്‍ത്താവ് കൊല്ലപ്പെടാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല,’ ഷഹിസ്ത ആവശ്യപ്പെട്ടു.

ധക്തിദിഹ് ഗ്രാമത്തില്‍ മോട്ടോര്‍സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് അന്‍സാരിയേയും മറ്റ് രണ്ട് പേരേയും നാട്ടുകാര്‍ പിടികൂടി മർദിച്ചത്. പിന്നീട് പൊലീസെത്തി ഇയാള്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായ അന്‍സാരിയെ ശനിയാഴ്ചയാണ് പൊലീസ് ആശുപത്രിയിലെത്തിച്ചത്.

Read More: ‘ജയ് ശ്രീറാം’ വിളിപ്പിച്ച് ആക്രമിക്കപ്പെട്ട യുവാവ് മരിച്ചു; പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്ന് ആരോപണം

അതേസമയം, അന്‍സാരിയെ മർദിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് സന്നദ്ധ പ്രവര്‍ത്തകനായ അഫ്സല്‍ അനീസ് ആരോപിച്ചു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവത്തില്‍ അന്വേഷണ വിധേയമായി രണ്ട് പൊലീസ് ഉദ്യോഗസ്ഥരേയും സസ്പെന്‍ഡ് ചെയ്തു.

അതേസമയം, താന്‍ ബൈക്ക് മോഷ്ടിച്ചെന്ന് അന്‍സാരി കുറ്റസമ്മതം നടത്തിയെന്ന് പറയുന്ന മൊഴിയില്‍ മർദനത്തിന് ഇരയായതിനെ കുറിച്ച് പൊലീസ് പരാമര്‍ശിക്കുന്നില്ല. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ സരൈകല പൊലീസ് ഹാജരാക്കിയ കുറ്റസമ്മത മൊഴിയിലാണ് ആക്രമണത്തെ കുറിച്ച് പരാമര്‍ശമില്ലാത്തത്.

എന്തുകൊണ്ടാണ് പൊലീസ് ആക്രമണത്തെ കുറിച്ച് പ്രതിപാദിക്കാതിരുന്നതെന്ന് പരിശോധിക്കണമെന്ന് അന്‍സാരിയുടെ കുടുംബം ആവശ്യപ്പെട്ടു. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ബൈക്ക് മോഷണത്തെ കുറിച്ച് മാത്രമാണ് പരാമര്‍ശം. പൊലീസ് സ്റ്റേഷനില്‍ താന്‍ എത്തുമ്പോള്‍ തന്റെ അനന്തിരവന്‍ അന്‍സാരി മർദനമേറ്റ് അതീവ ക്ഷീണിതനായി കാണപ്പെട്ടുവെന്നും മൊഴി നല്‍കിയെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മാവനായ മഖ്സൂദ് ആലം പറഞ്ഞു. ഇത്രയും മാരകമായി മർദനമേറ്റ അന്‍സാരിയെ പൊലീസ് ആശുപത്രിയില്‍ എത്തിക്കാതിരുന്നത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.

‘സുഹൃത്തുക്കളായ നുമൈര്‍, ഇര്‍ഫാന്‍ എന്നിവര്‍ക്കൊപ്പം രജിസ്ട്രേഷനില്ലാത്ത ബൈക്ക് ഗ്രാമത്തില്‍ നിന്നും ഞാന്‍ മോഷ്ടിച്ചു’ എന്നാണ് അന്‍സാരിയുടെ മൊഴിയായി പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ധക്തിദിഹ് ഗ്രാമത്തില്‍ മോട്ടോര്‍സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് അന്‍സാരിയേയും മറ്റ് രണ്ട് പേരേയും നാട്ടുകാര്‍ പിടികൂടി മർദിച്ചത്. പിന്നീട് പൊലീസെത്തി ഇയാള്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് റിമാന്‍ഡിലായ അന്‍സാരിയെ ശനിയാഴ്ചയാണ് പൊലീസ് ആശുപത്രിയിലെത്തിച്ചത്. അവശനായി എത്തിയ അന്‍സാരി ശനിയാഴ്ച മരണപ്പെടുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook