ന്യൂഡല്‍ഹി: ജോലി വാഗ്‌ദാനം ചെയ്ത് ദുബായിലെ ഡാന്‍സ് ബാറില്‍ എത്തിക്കപ്പെട്ട നാല് ഇന്ത്യന്‍ യുവതികളെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സ്വദേശിനികളായ യുവതികളെ രക്ഷപ്പെടുത്തിയത്. ഇന്ത്യയുടെ ദുബായിലുളള കോണ്‍സുലേറ്റ് ജനറലായ വിപുല്‍ ആണ് ദുബായ് പൊലീസിനെ വിവരം അറിയിച്ചത്. ഈയടുത്താണ് നാല് യുവതികളും ദുബായിലെത്തിയതെന്ന് വിപുല്‍ പറഞ്ഞു.
‘ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ഉണ്ടെന്ന് പറഞ്ഞാണ് യുവതികളെ ദുബായിലെത്തിച്ചത്. എന്നാല്‍ ദുബായിലെത്തിയപ്പോള്‍ തൊഴിലുടമ അവരെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു. പിന്നീട് ഇവരെ ഡാന്‍സ് ബാറില്‍ നിര്‍ബന്ധിച്ച് പണിയെടുപ്പിച്ചു,’ വിപുല്‍ വ്യക്താക്കി.
എന്നാല്‍ കൂട്ടത്തിലെ ഒരു യുവതി തൊഴിലുടമ അറിയാതെ വീട്ടിലേക്ക് സന്ദേശം അയക്കുകയായിരുന്നു. വീട്ടുകാര്‍ ഈ വിവരം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ അറിയിച്ചു. അദ്ദേഹമാണ് കോണ്‍സുലേറ്റിനെ വിവരം അറിയിക്കുന്നത്.
വളരെ വേഗത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കിയ ദുബായ് പൊലീസിന് നന്ദി പറയുന്നതായി വിപുല്‍ അറിയിച്ചു. 20 വയസിന് മുകളില്‍ പ്രായമുളള നാല് യുവതികളും വിമാനത്തിൽ കോഴിക്കോടേക്ക് പുറപ്പെട്ടിട്ടുണ്ട്. യുവതികളെ ദുബായിലെത്തിച്ച ഏജന്റിനെതിരായ നടപടിക്ക് തമിഴ്നാട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് വിപുല്‍ വ്യക്തമാക്കി.