/indian-express-malayalam/media/media_files/uploads/2019/07/sonbhadra-nEWfaos9rrg_sonbhadra-shootout_625x300_22_July_19.jpg)
ലക്‌നൗ: രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച സോന്‍ഭദ്ര വെടിവയ്പിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജൂലൈ 17നാണ് വെടിവയ്പ് നടന്നത്. ഭൂമി തര്‍ക്കത്തിന്‍റെ പേരിലാണ് ഇക്കഴിഞ്ഞ ബുധനാഴ്ച, സോന്‍ഭദ്രയില്‍ വെടിവയ്പ് നടന്നത്.
സോന്‍ഭദ്രയിലെ ഉയര്‍ന്ന സമുദായത്തിൽപെട്ട ഗ്രാമമുഖ്യന്‍ യഗ്യ ദത്തിന്‍റെ അനുയായികളും ഗോണ്ട് ആദിവാസി വിഭാഗത്തിൽപെട്ട ഏതാനും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷമാണ് വെടിവയ്പില്‍ കലാശിച്ചത്. സ്ഥലത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗ്രാമമുഖ്യന്‍റെ അനുയായികള്‍ ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആദിവാസികള്‍ തലമുറകളായി കൈവശം വച്ചിരുന്ന 36 ഏക്കര്‍ ഭൂമി തനിക്ക് നല്‍കണം എന്നാവശ്യപ്പെട്ടാണ് ഗ്രാമുഖ്യന്‍ അക്രമം നടത്തിയത്. കൂട്ടക്കൊല നടന്ന ഗ്രാമത്തില്‍ നിരവധി ട്രാക്ടറുകള്‍ നിരത്തിയിട്ടിരിക്കുന്നത് വീഡിയോയില്‍ കാണാം. ഈ ട്രാക്ടറിലാണ് ഗ്രാമമുഖ്യന്റെ 200ഓളം ആയുധധാരികളായ അനുയായികള്‍ ഉണ്ടായിരുന്നത്. 10 വര്‍ഷം മുമ്പ് താന്‍ ഈ ഭൂമി ഒരു കര്‍ഷകന്റെ കൈയ്യില്‍ നിന്നും വാങ്ങിയതാണെന്ന് അവകാശപ്പെട്ടാണ് ഗ്രാമമുഖ്യന്‍ അക്രമം നടത്തിയത്. പുറത്ത് വന്ന വീഡിയോകളില്‍ ഒന്നില്‍ കൂട്ടം ചേര്‍ന്ന് അക്രമികള്‍ ഗ്രാമവാസികളെ വടികൊണ്ട് ആക്രമിക്കുന്നത് കാണാം. ഇതിനിടയില്‍ വെടിയൊച്ചയും കേള്‍ക്കാം. അക്രമികള്‍ തോക്ക് എടുത്താണ് വന്നതെന്ന് ഗ്രാമവാസികള്‍ അറിഞ്ഞിരുന്നില്ല. ഇന്നാണ് ഈ വീഡിയോ ഗ്രാമവാസികള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ സോൻഭദ്ര വെടിവയ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ നടന്ന വെടിവയ്പ് സംഭവത്തില്‍ കോണ്‍ഗ്രസും പ്രിയങ്ക ഗാന്ധിയും മുതലക്കണ്ണീരൊഴുക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സോന്‍ഭദ്രയില്‍ നടന്ന സംഭവങ്ങള്‍ കോണ്‍ഗ്രസ് ചെയ്തുകൂട്ടിയ പാപങ്ങള്‍ മൂലമാണെന്നും, അതിന്‍റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട യോഗി വെടിവയ്പിനെ "നിർഭാഗ്യകരമായ സംഭവം" എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 18.5 ലക്ഷം രൂപയും, പരുക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us