ന്യൂഡല്‍ഹി: ഹരിയാന കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഹരിയാനയിലെ ഗൂണ്ടാ നേതാവിന്റെ ഭാര്യയേയും സഹായിയേും അറസ്റ്റ് ചെയ്തു. വെടിവെച്ച രണ്ട് പേര്‍ക്ക് ആയുധം നല്‍കിയത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി. റോഷ്നി, ഇവരുടെ വീട്ടു ജോലിക്കാരനായ നരേഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ നല്‍കിയ തോക്ക് ഉപയോഗിച്ചാണ് ഭല്ല, സച്ചിന്‍ എന്നിവര്‍ ആക്രമണ നടത്തിയത്. റോഷ്നിയുടെ ഭര്‍ത്താവായ ഗുണ്ടാ നേതാവുമായി വികാസിനുണ്ടായ സാമ്പത്തിക ഇടപാടാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാവിലെ ഫരീദാബാദില്‍ വച്ചാണ് അക്രമിസംഘത്തിന്റെ വെടിയേറ്റ് വികാസ് മരിച്ചത്. ഫരീദാബാദില്‍ രാവിലെ 9 മണിയോടെ ജിമ്മില്‍ വ്യായാമത്തിനായി എത്തിയപ്പോഴാണ് സംഭവം. ജിംനേഷ്യം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് താഴെ കാര്‍ നിര്‍ത്തി വച്ചപ്പോഴാണ് അക്രമികള്‍ വെടിവച്ചത്.

രണ്ട് പേര്‍ കാറിന്റെ ഇരുവശത്തു നിന്നും വെടിവയ്ക്കുകയായിരുന്നു. നിരവധി തവണ ഇരുവരും ചേര്‍ന്ന് വെടിവച്ചു. രണ്ട് അക്രമികളും കാറിലാണ് എത്തിയിരുന്നത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജിമ്മിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ആദ്യത്തെ അക്രമി വികാസിന്റെ കാറിന്റെ വലതുവശത്ത് കൂടിയാണ് വന്നത്. ഇയാള്‍ ആദ്യം വികാസിന്റെ അടുത്തെത്തി വെടിവച്ചു. ഇതിനിടെ ഇടതുവശത്ത് കൂടി വന്ന അക്രമി മുന്‍ഭാഗത്തെ ചില്ലിലൂടേയും വെടിവച്ചു.

വെടിയൊച്ച കേട്ട് ആളുകള്‍ ഓടി വന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. വികാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തങ്ങള്‍ പരമാവധി പരിശ്രമിച്ചെന്നും നിരവധി വെടിയുണ്ടകള്‍ വികാസിന് ഗുരുതരമായി പരുക്കേൽപ്പിച്ചിരുന്നെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കുറഞ്ഞത് 10 വെടിയുണ്ടകളെങ്കിലും വികാസിന്റെ ദേഹത്തുണ്ടായിരുന്നു. വികാസിനെ ജിംനേഷ്യം വരെ അക്രമികള്‍ പിന്തുടരുകയായിരുന്നോവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook