റാഞ്ചി: ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡില്‍ നാല് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഗൂംല ജില്ലയില്‍ പന്ത്രണ്ടോളം വരുന്ന സംഘമാണ് കൊല നടത്തിയത്. ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളില്‍ നിന്നുളള രണ്ട് പുരുഷന്മാരേയും രണ്ട് സ്ത്രീകളേയും ആണ് കൊലപ്പെടുത്തിയത്.
സിസായി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ മുഖംമൂടി ധരിച്ച് എത്തിയവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷൂന ഭഗത് (65), ഫഗ്നി ദേവി (60), ചംപ ഭഗത് (65), പേട്ടി ഭഗത് (60) എന്നിവരാണ് കൊല്ലപ്പെട്ടത്.
Read More: ബിഹാറില്‍ കാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്ന് പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി
കൊലപാതകം നടക്കുന്നതിന് മുമ്പ് ഗ്രാമത്തില്‍ പഞ്ചായത്തിൽ ചര്‍ച്ച നടന്നതായി പേര് വെളിപ്പെടുത്താതെ ഒരു ഗ്രാമവാസി പറഞ്ഞു. ഇവര്‍ക്കെതിരെ ദുര്‍മന്ത്രവാദത്തിന് കുറ്റം ചുമത്തുകയും ചെയ്തിരുന്നതായി ഗ്രാമവാസി വ്യക്തമാക്കി.
പുലര്‍ച്ചെ 3 മണിയോടെ അക്രമികള്‍ നാല് പേരേയും വീടുകളില്‍ നിന്നും വലിച്ചിറക്കി കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് വടിയും കല്ലും ഉപയോഗിച്ച് മർദിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്ധവിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി.