തിരുനെൽവേലി: ഡിഎംകെ നേതാവും തിരുനെൽവേലി കോർപറേഷൻ മുൻ മേയറുമായ ഉമാ മഹേശ്വരി(65)യും ഭർത്താവും വേലക്കാരിയും കൊല്ലപ്പെട്ടു. ഭർത്താവ് മുരുഗശങ്കരൻ (74), വേലക്കാരി മാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുനെൽവേലി ഗവൺമെന്‍റ് എൻജിനീയറിങ് കോളേജിന് സമീപം മേലെപാളയത്ത് റോസ് നഗറിലെ വീട്ടിൽവച്ചാണ് പട്ടാപ്പകല്‍ കൂട്ടകൊലപാതകം നടന്നത്.
തിരുനെൽവേലി കോർപറേഷന്‍റെ ആദ്യ മേയറാണ് (1996-2001) ഉമാ മഹേശ്വരി. 2011ൽ ശങ്കരൻകോവിൽ സീറ്റിൽ ഡിഎംകെ ടിക്കറ്റിൽ നിന്ന് നിയമസഭയിലേക്ക് മൽസരിച്ചിരുന്നു. ദേശീയപാത വകുപ്പിലെ എൻജിനീയറായിരുന്നു മുരുഗശങ്കരൻ.
ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. വീടിനടുത്ത് താമസിക്കുന്ന അമയുടെ മകളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോഷ്ടാക്കളാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ കബോർഡ് തുറന്ന നിലയിലാണെന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. അതേസമയം, ഒരു വസ്തു തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഫൊറൻസിക് സംഘവും പൊലീസ് നായയും സംഭവ സ്ഥലത്ത് പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്ത് അസിസ്റ്റന്‍റ് കമീഷണറുടെ മേൽനോട്ടത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.