തൂത്തുക്കുടി: തമിഴ്നാട്ടില്‍ ജാതി മാറി വിവാഹം ചെയ്ത ദമ്പതികളെ കൊലപ്പെടുത്തി. തൂത്തുക്കുടി ജില്ലയിലെ വിലാത്തിക്കുളത്താണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. 23കാരനായ ടി.സോളൈരാജ, ഇദ്ദേഹത്തിന്റെ ഭാര്യ ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഉപ്പ് ഉത്പാദന ഫാക്ടറിയിലെ ജോലിക്കാരായിരുന്നു ഇരുവരും. ജ്യോതി മൂന്ന് മാസം ഗർഭിണിയായിരുന്നു.
Read More: ജാതി മാറി വിവാഹം ചെയ്ത ഗര്‍ഭിണിയായ യുവതിയെ കൗമാരക്കാരായ സഹോദരങ്ങള്‍ വെടിവെച്ച് കൊന്നു
പെണ്‍കുട്ടിയുടെ പിതാവ് അഴകര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ പെണ്‍കുട്ടിയുടെ പിതാവ് മോട്ടോര്‍സൈക്കിളില്‍ എത്തി രണ്ട് പേരേയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ വീട്ടുകാർക്ക് ഇരുവരും തമ്മിലുള്ള വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടാകാര്‍ക്ക് എതിര്‍പ്പായിരുന്നു. യുവാവ് കീഴ്ന്ന ജാതിക്കാരനാണെന്ന് നേരത്തെ ജ്യോതിയുടെ വീട്ടുകാര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുളള ബന്ധത്തെ എതിര്‍ക്കുകയും ചെയ്തു. എന്നാൽ വീട്ടുകാര്‍ അറിയാതെ രണ്ട് പേരും വിവാഹം ചെയ്തു.
പിന്നീട് സോളൈരാജിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വ്യാഴാഴ്ച രാവിലെ ദമ്പതികളെ കാണാത്തതിനെ തുടര്‍ന്ന് സോളൈരാജിന്റെ മാതാവ് നടത്തിയ തിരച്ചിലിലാണ് കൊല്ലപ്പെട്ട നിലയില്‍ രണ്ട് പേരേയും കണ്ടെത്തിയത്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.