ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കപാഷേര പ്രദേശത്ത് അഞ്ച് വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പീഡിപ്പിച്ചതായി പരാതി. പത്തും പതിനൊന്നും വയസ് മാത്രം പ്രായമുളള കുട്ടികളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കപാഷേരയിലെ ചേരി പ്രദേശത്താണ് പെണ്‍കുട്ടി കുടുംബത്തോടൊപ്പം ജീവിക്കുന്നത്. കുട്ടിയുടെ പിതാവ് ഒരു കൂലിപ്പണിക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കി.
മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ആൺകുട്ടികൾ കൂട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. കുട്ടിയെ കാണാതെ അമ്മ തിരിക്കിയിറങ്ങിയതോടെയാണ് സംഭവം അറിയുന്നത്.
‘അമ്മ അടുത്ത് ഇല്ലാത്ത സമയത്താണ് ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ആളില്ലാത്ത ഇടത്ത് കൊണ്ടു പോയി പീഡിപ്പിച്ചത്. കുട്ടികള്‍ ഇതേ പ്രദേശത്ത് തന്നെ താമസിക്കുന്നവരാണ്. നേരത്തെ കുട്ടിയെ അറിയുന്നവരാണ് ഈ ആണ്‍കുട്ടികള്‍,’ പൊലീസ് വ്യക്തമാക്കി.
പെൺകുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരിശോധനയിൽ തെളിഞ്ഞു. പ്രതികളെ പിടികൂടി ജുവനൈല്‍ ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുന്നുണ്ട്.