കൊല്‍ക്കത്ത: ബംഗാളി ടെലിവിഷന്‍ താരം സ്വസ്തിക ദത്തയെ യൂബര്‍ കാറില്‍ നിന്നും വലിച്ചിറക്കി ഭീഷണിപ്പെടുത്തിയതായി പരാതി. ബുധനാഴ്ച കൊല്‍ക്കത്തയിലാണ് സംഭവം. സംഭവത്തില്‍ യൂബര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളി സീരിയലുകളിലെ പ്രമുഖ നടിയാണ് സ്വസ്തിക. കൊല്‍ക്കത്തയിലെ റാണിയയിലേക്ക് സീരിയല്‍ ചിത്രീകരണത്തിന് പോകാന്‍ ബുധനാഴ്ച രാവിലെയാണ് കാര്‍ ബുക്ക് ചെയ്തതെന്ന് സ്വസ്തിക പറഞ്ഞു.
എന്നാല്‍ പാതി വഴിയില്‍ തന്റെ ബുക്കിങ് ഡ്രൈവര്‍ റദ്ദാക്കിയതായി നടി ആരോപിച്ചു. ‘പാതിവഴിയില്‍ വച്ച് ബുക്കിങ് റദ്ദാക്കിയ ശേഷം എന്നോട് ഇറങ്ങിപ്പോവാനാണ് ഡ്രൈവര്‍ ആവശ്യപ്പെട്ടത്. കാറില്‍ നിന്ന് ഇറങ്ങില്ലെന്ന് പറഞ്ഞപ്പോള്‍ അയാളുടെ പ്രദേശത്തേക്ക് വണ്ടി വിട്ടു. പിന്നീട് കാറില്‍ നിന്നിറങ്ങി എന്നെ വലിച്ച് പുറത്തിട്ടു. ഞാന്‍ ശബ്ദം ഉണ്ടാക്കിയപ്പോള്‍ മറ്റ് കുറച്ച് പേരേയും വിളിച്ച് എന്നെ ഭീഷണിപ്പെടുത്തി,’ സ്വസ്തിക പറഞ്ഞു.
തനിക്ക് ചിത്രീകരണത്തിന് പോവേണ്ട സമയം അതിക്രമിച്ചെന്ന് പറഞ്ഞിട്ടും ഡ്രൈവര്‍ സഹായിച്ചില്ലെന്നും നടി ആരോപിച്ചു. എന്നാല്‍ ഇതിന് പിന്നാലെ സ്വസ്തകി തന്റെ പിതാവിനെ വിളിച്ച് കാര്യം പറയുകയും പൊലീസിന്റെ സഹായം തേടുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, എന്തിനാണ് നടിയെ ഇറക്കി വിട്ടതെന്ന് ഡ്രൈവറുടെ ഭാഗത്തു നിന്നും വിശദീകരണം ഉണ്ടായിട്ടില്ല.