ബെംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വര്‍ഷം മാര്‍ച്ചിലാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയിയല്‍ വൈറലായതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
19 വയസുകാരാണ് അഞ്ച് ആണ്‍കുട്ടികളും. ദലിത് പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. അഞ്ച് വിദ്യാർഥികൾ അതേ കോളജിൽ പഠിക്കുകയായിരുന്ന 18കാരിയായ പെൺകുട്ടിയെ വനപ്രദേശത്തെത്തിച്ച് മയക്കുമരുന്ന് നൽകി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അഞ്ചു പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി നേരിട്ട് പരിചയമുള്ള വ്യക്തിയായിരുന്നു. ഇയാൾ പെൺകുട്ടിയെ കാറിൽ വനപ്രദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് സംഘം ബലമായി മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. സംഭവങ്ങൾ പൊലീസിൽ അറിയിച്ചാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. മൂന്നുപേർ ചേർന്ന് പെൺകുട്ടിയെ ഉപദ്രവിക്കുമ്പോൾ നാലാമൻ വീഡിയോ പകർത്തുന്നത് പുറത്തായ ദൃശ്യങ്ങളിലുണ്ട്. വിഡിയോ സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് ഒരു വിദ്യാർഥിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ നിന്നും സൈബർ പൊലീസ് ദൃശ്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. അത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കുറ്റവാളികൾക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് ബി.എം.ലക്ഷ്മി പ്രസാദ് അറിയിച്ചു.