ചെന്നൈ: സ്വവര്‍ഗാനുരാഗിയാണെന്ന കളിയാക്കലുകളിൽ മനംനൊന്ത് 19കാരന്‍ ആത്മഹത്യ ചെയ്തു. അവിന്‍ഷു പട്ടേല്‍ എന്ന മുംബൈ സ്വദേശിയാണ് ചെന്നൈയില്‍ ആത്മഹത്യ ചെയ്തത്.
സ്വവര്‍ഗാനുരാഗി ആയതിന്റെ പേരില്‍ താന്‍ നേരിട്ട മാനസിക പീഡനങ്ങള്‍ അവിന്‍ഷു തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ‘ഞാനൊരു ആണ്‍കുട്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ഞാന്‍ നടക്കുന്നതും ചിന്തിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ഒരു പെണ്‍കുട്ടിയെ പോലെയാണ്. ഇന്ത്യയിലുളളവര്‍ക്ക് അത് ഇഷ്ടമല്ല. ദയവ് ചെയ്ത് എന്റെ കുടുംബത്തെ കുറ്റപ്പെടുത്തരുത്. ഞങ്ങള്‍ പാവപ്പെട്ടവരാണ്. അവരെ സഹായിക്കണം. എന്റെ അമ്മയേയും അച്ഛനേയും സഹോദരിയേയും എനിക്ക് ഇഷ്ടമാണ്. എനിക്ക് എപ്പോഴും പിന്തുണ തന്നതില്‍ ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു. ഞാനൊരു ഗേ ആയി പിറന്നത് എന്റെ തെറ്റല്ല,’ അവിന്‍ഷു ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.
Read More: സ്വവര്‍ഗാനുരാഗി എന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിയെ തല്ലിച്ചതച്ചു
ജൂലൈ 2ന് രാത്രി 10 മണിയോടെയാണ് അവിന്‍ഷു ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത കൗമാരക്കാരന്റെ മൃതദേഹം പിറ്റേന്ന് രാവിലെ ചെന്നൈയിലെ കടല്‍തീരത്ത് കണ്ടെത്തുകയായിരുന്നു. ചെന്നൈയിലെ ഒരു സലൂണില്‍ ജോലി ചെയ്യുകയായിരുന്നു അവിന്‍ഷു. മരിക്കുന്നതിന് മുമ്പ് സുഹൃത്തിനെ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ചിരുന്നു. സുഹൃത്ത് ഇക്കാര്യം പൊലീസിനെ അറിയിച്ചു. സ്വവര്‍ഗാനുരാഗി ആയതിന്റെ പേരില്‍ പരിഹാസം നേരിട്ടതായി അവിന്‍ഷു സൂചിപ്പിച്ചതായും സുഹൃത്ത് മൊഴി നല്‍കി.
സലൂണ്‍ ഉടമ അവിന്‍ഷുവിനെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. പിറ്റേന്ന് ഫോണ്‍ ചെയ്തപ്പോള്‍ പൊലീസാണ് ഫോണെടുത്തത്. തുടര്‍ന്ന് മുംബൈയിലുളള അവിന്‍ഷുവിന്റെ രക്ഷിതാക്കളെ വിവരം അറിയിച്ച് ചെന്നൈയിൽ എത്തിച്ച് മൃതദേഹം കൈമാറി.
കഴിഞ്ഞ മൂന്ന് മാസമായി ചെന്നൈയിലെ സലൂണിൽ ജോലി ചെയ്യുകയായിരുന്ന അവിന്‍ഷുവിന് ജോലി സ്ഥലത്ത് യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മരിക്കുന്ന അന്ന് സുഹൃത്തിന്റെ കൂടെ ചെന്നൈയിലെ ഒരു മാളില്‍ ഉച്ചഭക്ഷണം കഴിക്കാനായി പോയിരുന്നു. ഇതിന് ശേഷമാണ് മുംബൈയിലുളള സുഹൃത്തിനെ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചത്. നീലങ്കരൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.