ബീജിങ്: ക്രൈം ത്രില്ലർ നോവലെഴുതാൻ നാല് പേരെ 23 വർഷം മുൻപ് കൊലപ്പെടുത്തിയ പ്രമുഖ എഴുത്തുകാരന് ചൈനയിലെ ജിജാങ് പ്രവിശ്യയിലെ കോടതി വധശിക്ഷ വിധിച്ചു. ലിയു യോങ്ബിയാവൊ എന്ന എഴുത്തുകാരനും ഇദ്ദേഹത്തിന്റെ കൂട്ടാളിയായ വാങ് മൂമിങിനുമാണ് ചൈനീസ് കോടതി വധശിക്ഷ വിധിച്ചത്.

രണ്ട് പതിറ്റാണ്ട് മുൻപാണ് ഒരു വീട്ടിന് അകത്ത് കയറി കുടുംബാംഗങ്ങളായ മൂന്ന് പേരെയും വാടകയ്ക്ക് താമസിക്കാനെത്തിയ മറ്റൊരാളെയും ഇവർ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. പിന്നീട് എഴുത്തുകാരനെന്ന നിലയിൽ ശ്രദ്ധേയനായ ലിയു യോങ്ബിയാവോയ്ക്ക്, അദ്ദേഹത്തിന്റെ ക്രൈം ത്രില്ലർ നോവലുകൾക്ക് ചൈനയിലെ നിരവധി പുരസ്കാരങ്ങളാണ് ലഭിച്ചത്.

ഒരു സിസിടിവിക്ക് മുന്നിൽ നിന്ന് ഈയിടെ ലിയു ഈ കൊലക്കുറ്റത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഈ കൊലപാതകത്തെ ആസ്പദമാക്കി നോവൽ എഴുതിയിട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടവരെ അതിലെ കഥാപാത്രങ്ങളാക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മരണത്തേക്കാൾ വലിയ കുറ്റബോധമാണ് ഈ കൊലപാതകങ്ങളുടെ ഓർമ്മകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

1995 നവംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ വീട്ടിനകത്ത് കയറി ദമ്പതികളെയും അവരുടെ ചെറുമകനെയും വാടകയ്ക്ക് താമസിക്കാനെത്തിയ മറ്റൊരു യുവാവിനെയും ഇരുവരും ചേർന്ന് കെട്ടിയിട്ടു. പിന്നീട് ചുറ്റികയും വടിയും ഉപയോഗിച്ച് തലയ്ക്കടിച്ചാണ് നാല് പേരെയും കൊന്നത്. ഈ വീട്ടിനകത്ത് ക്യാമറയോ അതിഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകമോ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ കേസ് തെളിയാൻ 22 വർഷം സമയമെടുത്തു.

കഴിഞ്ഞ ജൂണിലാണ് സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ സിഗരറ്റ് കുറ്റിയിൽ നിന്ന് വേർതിരിച്ച  ഡിഎൻഎയും ലിയു യോങ്ബിയാവൊയുടെ ഡിഎൻഎയും തമ്മിൽ സാമ്യം ഉണ്ടെന്ന് മനസിലായത്. 22 വർഷത്തിനിടെ ചൈനയിലെ 15 പ്രവിശ്യകളിലായി ഏതാണ്ട് 60000 ത്തിലേറെ പേരെ ഡിഎൻഎ പരിശോധന നടത്തിയിരുന്നു. ലിയു എന്ന കുടുംബ പേരുളള ഒരാളിൽ നിന്ന് ഡിഎൻഎയുടെ സാമ്യത കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അന്വേഷണം ലക്ഷ്യത്തിലെത്തിയത്.

ലിയുവിന് സംശയം തോന്നാതിരിക്കാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലൊരാളെ കണ്ടെത്താനാണെന്ന് പറഞ്ഞാണ് പൊലീസുദ്യോഗസ്ഥർ ഉമിനീർ ആവശ്യപ്പെട്ടത്. 23 വർഷം പഴയ കേസായതിനാൽ അതിന്റെ അന്വേഷണം രഹസ്യമായി നടക്കുന്ന വിവരം ഇദ്ദേഹത്തിന് അറിയില്ലായിരുന്നു. ഉമിനീരിൽ നിന്ന് ലഭിച്ച ഡിഎൻഎ സിഗരറ്റ് കുറ്റിയിൽ നിന്ന് ലഭിച്ച ഡിഎൻഎയുമായി പൂർണമായി ഒത്തുവന്നതോടെ കേസ് തെളിഞ്ഞു. ഒരു വർഷം നീണ്ട വാദത്തിനൊടുവിലാണ് കേസിൽ വിചാരണ പൂർത്തിയായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ