ലഖ്നൗ: തങ്ങളുടെ അനുവാദമില്ലാതെയാണ് മകളുടെ മൃതദേഹം അർധരാത്രിയിൽ സംസ്കരിച്ചതെന്ന് ഹാഥ്‌റസിൽ കൂട്ടബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട 19കാരിയായ ദലിത് യുവതിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിൽ.

“തങ്ങളുടെ അനുവാദമില്ലാതെയാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചതെന്ന് കുടുംബം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്,” കേസിൽ അമിക്കസ് ക്യൂറിയായി നിയമിതനായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് നരേൻ മാത്തൂർ പറഞ്ഞു.

“അടുത്ത ദിവസം രാവിലെ വലിയ ക്രമസമാധാന പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് അർധരാത്രി മൃതദേഹം സംസ്കരിച്ചതെന്ന് ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്ഷർ കോടതിയെ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് സംസ്കാരം നടത്താൻ തീരുമാനമെടുത്തു. ശവസംസ്കാരം സംബന്ധിച്ച തീരുമാനത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് യാതൊരു നിർദ്ദേശവും തേടുകയോ സർക്കാരിൽ നിന്ന് മാർഗനിർദേശം ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. താനടക്കമുള്ള ഉദ്യോഗസ്ഥരാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു,” മാത്തൂർ പറഞ്ഞു.

Read More: ഹാഥ്റസ്: അന്വേഷണം സിബിഐക്ക് കൈമാറി; കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു

കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബാംഗങ്ങളുടെ അഭിഭാഷകനായ സീമ കുശ്വാഹയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. “കേസ് ഡൽഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണമെന്ന് കുടുംബം ആഗ്രഹിക്കുന്നു,” അവർ പറഞ്ഞു. കുടുംബം സുരക്ഷ ആവശ്യപ്പെട്ടതായും ഇതുവരെയുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട് പരസ്യമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പി.ടി.ഐ റിപ്പോർട്ടിൽ പറയുന്നു.

ഇരയുടെ മാതാപിതാക്കൾക്ക് പുറമെ അവളുടെ രണ്ട് സഹോദരന്മാരും സഹോദരിയും കോടതിയിൽ ഹാജരായി. അവരുടെ പ്രസ്താവനകളും രേഖപ്പെടുത്തി.

സെപ്റ്റംബർ 14 നാണ് യുവതിയെ നാല് ഉയർന്ന ജാതിക്കാർ ബലാത്സംഗം ചെയ്തത്. യുവതിയെ ഗുരുതരാവസ്ഥയിൽ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് സെപ്റ്റംബർ 29 ന് അവൾ മരിച്ചു.

പ്രതികളായ സന്ദീപ് (20), അമ്മാവൻ രവി (35), സുഹൃത്തുക്കളായ രാമു (26), ലവ് കുഷ് (23) എന്നിവർക്കെതിരെയാണ് കൊലപാതകം, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരവും എസ്‌സി / എസ്ടി നിയമം പ്രകാരവും കേസെടുത്തിരിക്കുന്നത്. കേസിൽ തങ്ങൾ നിരപരാധികളാണെന്ന് അവകാശപ്പെട്ട് പ്രതികൾ ഹാഥ്റസ് പൊലീസ് സൂപ്രണ്ടിന് കത്തയച്ചിരുന്നു. സംഭവം നടന്ന സെപ്റ്റംബർ 14 ന് യുവതിയെ സഹോദരനും അമ്മയും മർദ്ദിച്ചതെന്നും അവർ ഹത്രാസ് പോലീസ് സൂപ്രണ്ടിന് എഴുതിയ കത്തിൽ ആരോപിക്കുന്നു.

Read More in English: Cremation against our wishes, Hathras victim’s family to Allahabad HC

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook