കർണപ്രയാഗ്: ജോഷിമഠ് പ്രദേശത്തുണ്ടായ വിള്ളൽ രാജ്യശ്രദ്ധ നേടിയപ്പോൾ, 82 കിലോമീറ്റർ അകലെയുള്ള കർണപ്രയാഗിലെ റോഡുകളിലും വീടുകളിലുമുണ്ടായ വിള്ളൽ വേണ്ടത്ര റിപ്പോർട്ട് ചെയ്യപ്പെടാതെ പോയി. കർണപ്രയാഗിലെ ബഹുഗുണ കോളനിയിലെ രണ്ട് ഡസനിലധികം വീടുകളിൽ ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് തന്നെ വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു.
വലിയ രീതിയിലുള്ള വിള്ളലുകളുണ്ടായിട്ടും പോകാൻ മറ്റൊരിടം ഇല്ലാത്തതിനാൽ ജനങ്ങൾ ഇപ്പോഴും അവിടെ തുടരുകയാണ്. ചിലർ മുനിസിപ്പൽ കൗൺസിലിന്റെ അഭയകേന്ദ്രത്തിൽ രാത്രികൾ കഴിച്ചു കൂട്ടുന്നു.
2010ലാണ് തന്റെ വീട് നിർമിച്ചതെന്നും മൂന്നു വർഷത്തിന് ശേഷം സമീപത്ത് ഒരു മാർക്കറ്റ് വന്നതിന് ശേഷം ചുവരുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയെന്നും തുലാ ദേവി ബിഷ്ത് പറഞ്ഞു. ”2013 നു മുൻപുവരെ എല്ലാം നല്ല രീതിയിലായിരുന്നു. ആദ്യമൊക്കെ വിള്ളലുകൾ ഞങ്ങൾ അവഗണിച്ചു. എന്നാൽ, ഇന്നു പല മുറികളും താമസിക്കാൻ കഴിയാത്തത്ര അപകടകരമാണ്,” അവർ പറഞ്ഞു. തുലാ ദേവിയുടെ വീടിന്റെ ഒട്ടുമിക്ക ചുവരുകളിലും വിള്ളലുണ്ട്.

തുലാ ദേവിയുടെ വീടിനോട് ചേർന്ന് താമസിക്കുന്ന കമല റാതുരിയും ഇതേ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ”2000 ലാണ് ഈ വീട് നിർമിച്ചത്. ആറു മുറികളുണ്ട്. കഴിഞ്ഞ വർഷം നാല് മുറികളിൽനിന്ന് വാടകക്കാർ ഒഴിഞ്ഞുപോയി. വിള്ളലുകൾ വലിയ രീതിയിൽ കണ്ടതോടെ രണ്ടു മാസം മുമ്പ് ഞങ്ങൾ രണ്ട് മുറികളിൽനിന്ന് താമസം മാറ്റി. പ്രദേശത്തെ മറ്റെല്ലാ വീടുകളിലെയും പോലെ, 2013 ലാണ് വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഭിത്തിയിലും തറയിലും പൊടുന്നനെ വിള്ളലുകൾ വീണ് മേൽക്കൂര ചരിഞ്ഞ് വാതിലുകൾ കുടുങ്ങി. തുടർന്നാണ് വാടകക്കാർ വീടുവിട്ടിറങ്ങിയത്,” റാതുരി പറഞ്ഞു.
അതിനടുത്തുള്ള ഹരേന്ദ്ര സിങ്ങിന്റെ വീടാണ് വിള്ളൽ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. താമസക്കാർ ഇതിനകം കെട്ടിടം വിട്ടുകഴിഞ്ഞു. മുറികൾ തുറന്നു കിടക്കുന്നുണ്ട്, നിരവധി സാധനങ്ങൾ ഇപ്പോഴും അകത്തുണ്ട്. ഡ്രോയിങ് റൂമിന്റെ ഒരു ഭിത്തിയിൽ ജനലിന് ചുറ്റും ഒരു വലിയ വിള്ളൽ ഉണ്ട്, ഒരു തൂൺ രണ്ടായി തകർന്നിരിക്കുന്നു. ഇരുനില വീടിന്റെ ഒന്നാം നിലയും ചരിഞ്ഞു തുടങ്ങിയിട്ടുണ്ട്.
മാർക്കറ്റ് കെട്ടിടവും ചുറ്റുമുള്ള മറ്റ് നിർമാണ പ്രവർത്തനങ്ങളുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് സപ്ലൈ ഇൻസ്പെക്ടറായി വിരമിച്ച ഭഗവതി പ്രശാദ് സതി കുറ്റപ്പെടുത്തി.
പ്രദേശത്തെ രണ്ടു ഡസനിലധികം വീടുകളിൽ വിള്ളലുകളുണ്ടെന്ന് പ്രദേശവാസിയായ പ്രതിമ ദേവി പറഞ്ഞു. തങ്ങളുടെ പ്രശ്നങ്ങൾ നിലവിലെ ബിജെപി സർക്കാരും മുൻ കോൺഗ്രസ് സർക്കാരും അവഗണിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി. സഹായത്തിനും ദുരിതാശ്വാസത്തിനും വേണ്ടിയുള്ള തങ്ങളുടെ നിവേദനങ്ങൾ ഭരണകൂടം ശ്രദ്ധിച്ചില്ലെന്ന് അവർ പറഞ്ഞു.
സ്ഥിതിഗതികളെക്കുറിച്ച് തങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും നഗർ പാലിക പരിസരത്ത് ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് താത്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദുരിതബാധിതരെ പുനരധിവസിപ്പിക്കുമെന്നും ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവെ ചമോലി ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) ഹിമാൻഷു ഖുറാന പറഞ്ഞു.
“ഏതാനും മാസങ്ങൾക്ക് മുമ്പ്, പ്രദേശത്തെക്കുറിച്ച് പഠിക്കാനും നാശനഷ്ടം വിലയിരുത്താനും എന്താണ് ഇതിന് കാരണമായതെന്ന് കണ്ടെത്താനും പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ചുള്ള ഒരു പ്രോജക്റ്റ് റിപ്പോർട്ട് നൽകാൻ ഞങ്ങൾ ഐഐടി റൂർക്കിയോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചമോലി ജില്ലാ ഭരണകൂടം പുറത്തിറക്കിയ ബുള്ളറ്റിൻ അനുസരിച്ച്, ജോഷിമഠിൽ ഇതുവരെ 723 വീടുകൾക്ക് വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. 86 വീടുകൾ അപകടമേഖലയിലാണെന്ന് കണ്ടെത്തി. 145 കുടുംബങ്ങളിലെ 499 പേരെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്കു മാറ്റി.