scorecardresearch
Latest News

ഖലിസ്ഥാൻ നേതാവ് അമൃത് പാൽ സിങ്ങിനായി വ്യാപക തിരച്ചിൽ, പഞ്ചാബിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം

ബതിന്ദയിലേക്കുള്ള യാത്രയ്ക്കിടെയാണ് അമൃത് പാലിനെ പൊലീസ് സംഘം പിന്തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം

Amritpal Singh, punjab, ie malayalam

അമൃത്സർ: ഖലിസ്ഥാൻ നേതാവും ‘വാരിസ് പഞ്ചാബ് ദേ’യുടെ തലവനുമായ അമൃത് പാൽ സിങ്ങിനായി പൊലീസ് തിരച്ചിൽ. അമൃത്പാലിന്റെ സംഘടനയിലെ 78 അംഗങ്ങളെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നാളെവരെ സംസ്ഥാനത്ത് ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. വോയിസ് കോളുകൾക്ക് മാത്രമാണ് നിലവിൽ അനുവദനീയം. ആളുകൾ കൂട്ടംകൂടുന്നതിനും വിലക്കുണ്ട്.

ബതിന്ദയിലേക്കുള്ള യാത്രയ്ക്കിടെയാണ് അമൃത് പാലിനെ പൊലീസ് സംഘം പിന്തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. രാവിലെ 11.30 ഓടെ ജലന്ധർ-മോഗ റോഡിൽവച്ച് ഇയാളുടെ വാഹനം തടഞ്ഞു. പൊലീസ് തന്റെ വാഹനം പിന്തുടരുന്നത് മനസിലാക്കിയ അമൃത്‌പാൽ അവിടെനിന്നും രക്ഷപ്പെട്ടു. വൈകുന്നേരത്തോടെ, അമൃത് പാൽ ഒളിച്ചിരിക്കുകയാണെന്ന സംശയത്തിൽ ഷാഹ്‌കോട്ട് പ്രദേശത്തെ നിരവധി ഗ്രാമങ്ങൾ പൊലീസ് വളഞ്ഞു.

വളരെ വേഗത്തിൽ അമൃത് പാൽ കാറിൽ പോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അമൃത് പാലിനോട് കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടതായി പിതാവ് ടർസേം സിങ് പറഞ്ഞു. ലഹരിമരുന്നിനെതിരെ പ്രവർത്തിച്ചിരുന്നുവെന്നും അറസ്റ്റുചെയ്യാനുള്ള രാഷ്ട്രീയ സമ്മർദ്ദത്തിന് കാരണം ഇതാണെന്നും അദ്ദേഹം ആരോപിച്ചു.

”ജലന്ധർ ജില്ലയിലെ ഷകോത്-മാൽസിയാൻ റോഡിൽവച്ച് ഏഴുപേരെ അറസ്റ്റ് ചെയ്തു. അമൃത് പാൽ സിങ്ങും മറ്റു പലരും രക്ഷപ്പെട്ടു. ഇവരെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്,” വക്താവ് പറഞ്ഞു. ഒരു .315 ബോർ റൈഫിൾ, ഏഴ് 12 ബോർ റൈഫിളുകൾ, ഒരു റിവോൾവർ – 373 ലൈവ് കാട്രിഡ്ജുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 78 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു നിരവധിപേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദുബായിലായിരുന്നപ്പോൾ അമൃത് പാൽ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഖാലിസ്ഥാനി പ്രവർത്തകൻ ലഖ്ബീർ സിങ് റോഡിന്റെ സഹോദരൻ ജസ്വന്ത് സിങ് റോഡ്, തീവ്രവാദി പരംജിത് സിങ് പമ്മ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതിന്റെ തെളിവുകൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. അമൃത് പാലിന്റെ പാക്കിസ്ഥാനിൽ നിന്നുള്ള ഫണ്ടിന്റെ വിശദാംശങ്ങളും ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Crackdown on waris punjab de security blanket over punjab as police close in on amritpal