ഷിംല: ഹിമാചൽ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ 25 വർഷത്തെ സീറ്റ് വരൾച്ചയ്ക്ക് അറുതിവരുത്തി സിപിഎം. മുൻ സംസ്ഥാന സെക്രട്ടറിയും കർഷക സംഘടനയായ കിസാൻ സഭയുടെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയുമായ രാകേഷ് സിംഗയാണ് തിയോഗ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറിയത്.

കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിലാണ് രാകേഷ് സിംഗയുടെ വിജയം. മുൻപ് ഷിംലയായിരുന്നു സിപിഎം വിജയിച്ച മണ്ഡലം. എന്നാൽ ഇവിടെ സ്വാധീനം നഷ്ടമായ പാർട്ടിക്ക് കർഷക സമരങ്ങളിലൂടെയാണ് തിയോഗയിൽ വിജയം നേടാനായത്.

ഹിമാചലിൽ ആപ്പിൾ കർഷകരെ സംഘടിപ്പിച്ച് നടത്തിയ സമരങ്ങളാണ് രാകേഷ് സിംഗയുടെ ജനപിന്തുണ വർദ്ധിപ്പിച്ചത്. ജിഎസ്‌ടി ബില്ലിനെതിരെയും ശക്തമായ സമരം സിപിഎം ഹിമാചലിൽ സംഘടിപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം തലപ്പത്ത് രാകേഷ് സിംഗയായിരുന്നു.

ബിജെപി സ്ഥാനാർത്ഥി രാകേഷ് വർമ്മയെ 2131 വോട്ടുകൾക്ക് പിന്നിലാക്കിയാണ് തിയോഗയിൽ സിപിഎം സ്ഥാനാർത്ഥി വിജയിച്ചത്. എന്നാൽ തങ്ങളുടെ സീറ്റിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പോയി. രാകേഷ് സിംഗയ്ക്ക് 24564 ഉം രാകേഷ് വർമ്മയ്ക്ക് 22433 ഉം വോട്ട് ലഭിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ദീപക് രാഹോറിന് 8952 വോട്ട് മാത്രമാണ് ലഭിച്ചത്.

ഇതിന് പുറമേ പത്ത് മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മൂന്നാമതെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook