ന്യൂഡൽഹി: സീതാറാം യച്ചൂരിയെ രാജ്യസഭയിലേക്ക് മൽസരിപ്പിക്കണമെന്ന് ആവർത്തിച്ച് ബംഗാൾ ഘടകം. ബംഗാൾ സംസ്ഥാന സമിതി ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. പ്രമേയം പൊളിറ്റ് ബ്യൂറോയ്ക്ക് അയയ്ക്കാനും തീരുമാനിച്ചു. പ്രമേയം വന്നാൽ ചർച്ച ചെയ്യുമെന്ന് സിപിഎം കേന്ദ്രനേതാക്കൾ അറിയിച്ചു.

യച്ചൂരി രാജ്യസഭയിലേക്ക് മൽസരിക്കുകയാണെങ്കിൽ പിന്തുണ നൽകുമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. എന്നാൽ കാരാട്ട് പക്ഷം കോൺഗ്രസ് പിന്തുണയോടെ മൂന്നാംവട്ടവും രാജ്യസഭയിലേക്ക് എത്താനുളള യച്ചൂരിയുടെ നീക്കത്തെ എതിർത്തു. ഇതിനുപിന്നാലെ താൻ മൽസരിക്കാനില്ലെന്ന് യച്ചൂരി വ്യക്തമാക്കി. പാർട്ടി ജനറൽ സെക്രട്ടറിമാർ രാജ്യസഭയിലേക്ക് മൽസരിക്കാറില്ലെന്നും അതു താനും അനുസരിക്കുമെന്നുമായിരുന്നു യച്ചൂരി അറിയിച്ചത്.

പശ്ചിമബംഗാളിലെ ആറു രാജ്യസഭാ സീറ്റുകളിൽ ഓഗസ്റ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ അഞ്ചെണ്ണം തൃണമൂൽ കോൺഗ്രസിന്റെ കൈവശമാണുളളത്. ഒരെണ്ണമാണ് സിപിഎമ്മിനുളളത്. 294 അംഗ ബംഗാൾ നിയമസഭയിൽ 211 അംഗങ്ങളാണ് തൃണമൂൽ കോൺഗ്രസിനുളളത്. കോൺഗ്രസിന് 44 ഉം സിപിഎമ്മിന് 26 ഉം ഉണ്ട്. അതിനാൽതന്നെ സിപിഎമ്മിന്റെ സ്ഥാനാർഥിയുടെ വിജയത്തിന് കോൺഗ്രസിന്റെ പിന്തുണ അനിവാര്യമാണ്.

Read More: യച്ചൂരിക്ക് കോൺഗ്രസ് പിന്തുണ നൽകുന്നതിൽ എതിർപ്പ്; മൽസരത്തിൽനിന്ന് പിന്മാറിയേക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook