ന്യൂഡൽഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരള സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. സർക്കാരിനെ താഴെയിടുമെന്ന പ്രസ്താവന ഏകാധിപത്യത്തിന്‍റെയും ജനാധിപത്യ വിരുദ്ധ നയത്തിന്റെയും പ്രകടനമാണെന്ന് പിബി കുറ്റപ്പെടുത്തി.
കേരളത്തിലെ ജനങ്ങൾ പിന്തിരിപ്പൻ കക്ഷികളെ ചെറുത്ത് തോൽപ്പിക്കണമെന്ന് പിബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെടുന്നു. കേരളത്തിൽ അക്രമം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ എടുത്ത നടപടികളെ പിന്തുണയ്ക്കുന്നതായും പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.
ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പൊലീസ് നൂറ് കണക്കിന് പേരെ ദിവസവും അറസ്റ്റ് ചെയ്യുന്നതിനെ വിർശിച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം. മുതിര്‍ന്ന ബിജെപി നേതാവ് വി.മുരളീധരനായിരുന്നു തര്‍ജ്ജമ ചെയ്തത്. ‘സ്‌പെഷ്യല്‍ പൊലീസ് എന്ന പേരില്‍ 1500 ല്‍ പരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയാണ് ഇറക്കിയത്. ഈ അടിച്ചമര്‍ത്തല്‍ നിര്‍ത്തിയില്ലെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ ശക്തമായ മറുപടി തരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്‍കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്.” എന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ വി.മുരളീധരൻ, “വേണമെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടു” മെന്ന് അമിത് ഷാ പറഞ്ഞതായി തർജ്ജമ ചെയ്തു.
ഇത് വാർത്തയായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആഞ്ഞടിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനും അമിത് ഷായുടെ വാക്കുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.