ന്യൂഡല്‍ഹി: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ രംഗത്ത്. നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രമാണെന്നും പിബി പ്രസ്താവനയിലൂടെ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ നൈരാശ്യമാണ് ഇങ്ങനെയൊരു നീക്കത്തിന് കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നും പിബി പറയുന്നു. വിപുലമായ ചര്‍ച്ചയില്ലാതെ ഭേദഗതി നടപ്പിലാക്കരുതെന്നും സിപിഎം ആവശ്യപ്പെട്ടു. 8 ലക്ഷമായി പരിധി ഉയര്‍ത്തിയത് അര്‍ഹരായവരുടെ അവസരം നഷ്ടപ്പെടുത്തുമെന്നും പിബി നിരീക്ഷിച്ചു.
പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം പോലും കൃത്യമായി നടപ്പിലാക്കാന്‍ ആകുന്നില്ല. ഭരണഘടന ഭേദഗതിക്ക് കാലതാമസം വരും. ഭേദഗതി വരുത്തുന്നതിന് മുമ്പ് കൂടിയാലോചന വേണമെന്നും പിബി പറഞ്ഞു.
നേരത്തെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദനും സാമ്പത്തിക സംവരണത്തിനെതിരെ രംഗത്തെത്തിയിരുന്നു. സംവരണം സാമ്പത്തിക പദ്ധതിയല്ലെന്നും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടതെന്നും വിഎസ് പറഞ്ഞു.
വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് സിപിഎം സാമ്പത്തിക സംവരണത്തെ എതിര്‍ത്തതാണെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു. ജാതി പിന്നാക്കാവസ്ഥ പോലെ, സാമ്പത്തിക പിന്നാക്കാവസ്ഥ ശാശ്വതമല്ല. സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരം താഴ്ത്താനുള്ള ബിജെപിയുടെ നീക്കം തുറന്നു കാട്ടപ്പെടണമെന്നും വിഎസ് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി എ.കെ.ബാലനും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും നിലപാട് തള്ളിയാണ് മുതിര്‍ന്ന നേതാവായ വിഎസ് രംഗത്തുവന്നിരിക്കുന്നത്.