ന്യുഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായി സീറ്റ് പങ്കിടുന്ന കാര്യം സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ചർച്ച ചെയ്യും. പശ്ചിമബംഗാളിൽ കോണ്‍ഗ്രസുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് സംസ്ഥാന ഘടകത്തിന്രെ ആവശ്യം. എന്നാൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ കോൺഗ്രസ് പരസ്യസഖ്യത്തെ എതിർക്കുന്നുണ്ട്.
നേതൃതലത്തിൽ നടന്ന ചർച്ചയിൽ സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ട എന്ന ധാരണയായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സംസ്ഥാന തലത്തിൽ തൃണമൂൽ കോൺഗ്രസിനെയും ദേശീയ തലത്തിൽ ബിജെപിയെയും നേരിടുകയാണ് ലക്ഷ്യം. കോൺഗ്രസിന് നാല് സീറ്റുകളും സിപിഎമ്മിന് രണ്ട് സീറ്റുകളുമാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ലഭിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇക്കാര്യം നേരിൽ കണ്ട് സംസാരിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേത് പോലെ പരസ്യ സഖ്യത്തിലേയ്ക്ക് ഇരുപാർട്ടികളും നീങ്ങുമോയെന്ന കാര്യത്തിൽ ഇന്ന് വ്യക്തത വരുമെന്നാണ് കരുതുന്നത്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ഇക്കാര്യത്തിൽ രണ്ടുവട്ടം ബംഗാൾ നേതാക്കൾ പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയാണ് എടുക്കേണ്ടതെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.