ഹൈദരാബാദ്: സിപിഎം 22-ാമത് പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനം. അടുത്ത ജനറൽ സെക്രട്ടറി ആരെന്ന് ഇന്നറിയാം. ജനറൽ സെക്രട്ടറിക്കു പുറമേ കേന്ദ്ര കമ്മിറ്റി (സിസി)യെയും ഇന്ന് തിരഞ്ഞെടുക്കും. ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തന്നെ തുടരാനാണ് സാധ്യതയെന്നാണ് വിവരം. യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നതിൽ കാരാട്ട് പക്ഷത്തിനും എതിർപ്പില്ലെന്നാണ് റിപ്പോർട്ടുകൾ.

പാർട്ടി കോൺഗ്രസിൽ യെച്ചൂരിയുടെ രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നൽകിയിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിക്ക് സ്വീകരിക്കാമെന്ന നിര്‍ണായക തീരുമാനം ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. കോൺഗ്രസുമായുളള സഖ്യത്തെക്കുറിച്ച് കാരാട്ട്-യെച്ചൂരി പക്ഷങ്ങൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇന്നലെ കോൺഗ്രസുമായി ധാരണ ഉണ്ടാകില്ലെന്ന വാക്ക് ഒഴിവാക്കിയാണ് രാഷ്ട്രീയപ്രമേയം അംഗീകരിച്ചത്. ഇത് യെച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുളള കാരാട്ട് പക്ഷത്തിന് കനത്ത തിരിച്ചടിയായി.

അതേസമയം, ജനറൽ സെക്രട്ടറി സ്ഥാനത്ത് വീണ്ടും തുടരാൻ യെച്ചൂരി താൽപര്യപ്പെടുന്നില്ലെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാരെ സിസിയിൽ ഉൾപ്പെടുത്തണമെന്നും നിലവിലുള്ളവരെ ഒഴിവാക്കണമെന്നും യെച്ചൂരി പക്ഷം താൽപര്യപ്പെടുന്നുണ്ട്. പക്ഷേ കാരാട്ട് പക്ഷം ഇതിനോട് യോജിപ്പ് അറിയിച്ചിട്ടില്ല. നിലവിലുളള സിസിയിലും പിബിയിലും കാരാട്ട് പക്ഷത്തിനാണ് ഭൂരിപക്ഷം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ