ഹൈദരാബാദ്: കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം. കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. യെച്ചൂരിയുടെ നിർദേശം തളളിയാൽ വോട്ടെടുപ്പ് വേണ്ടി വരുമെന്ന് ബംഗാൾ ഘടകം മുന്നറിയിപ്പ് നൽകി.

നിലവിലെ പിബിയിലും കേന്ദ്ര കമ്മിറ്റിയിലും മാറ്റം വരണമെന്നാണ് യെച്ചൂരിയും ബംഗാള്‍ ഘടകവും ആവശ്യപ്പെടുന്നത്. കേന്ദ്ര കമ്മറ്റിയില്‍ എത്തിയവരെ മാറ്റി പുതിയവരെ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, കേന്ദ്ര കമ്മിറ്റിയിൽ മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് കാരാട്ട് പക്ഷം. കേരളഘടകത്തിന് ഇതേ നിലപാടാണുളളത്.

കേന്ദ്ര കമ്മിറ്റിയിൽ മാറ്റം വരുത്താതെ ജനറൽ സെക്രട്ടറിയായി യെച്ചൂരിയെ തിരഞ്ഞെടുത്താൽ ഭൂരിപക്ഷമില്ലാത്ത ജനറൽ സെക്രട്ടറിയായി അദ്ദേഹത്തിന് തുടരേണ്ടി വരും. കേന്ദ്ര കമ്മിറ്റിയിലെയും പിബിയിലെയും ഭൂരിപക്ഷം ഉപയോഗിച്ച് ജനറൽ സെക്രട്ടറി എന്ന രീതിയിൽ തന്നെ പ്രവർത്തിക്കാനോ തന്റെ നയങ്ങൾ നടപ്പിലാക്കാനോ പാർട്ടി അനുവദിക്കുന്നില്ലെന്ന് യെച്ചൂരി നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. ആ സ്ഥിതി ഒഴിവാക്കണമെന്നാണ് ബംഗാൾ ഘടകം ആവശ്യപ്പെടുന്നത്. നിലവിലുളള സിസിയിലും പിബിയിലും കാരാട്ട് പക്ഷത്തിനാണ് ഭൂരിപക്ഷം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook