ഹൈദരാബാദ്: സിപിഎമ്മിന്റെ 22ാം പാർട്ടി കോൺഗ്രസിൽ പ്രധാന ചർച്ച വിഷയാകുക കോൺഗ്രസ് ബന്ധം. സിപിഎം കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പിലൂടെ അംഗീകരിച്ച കോൺഗ്രസ് ബന്ധമെന്ന വിഷയത്തിൽ ഊന്നിയാകും പ്രതിനിധി ചർച്ച ഏറെയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോൺഗ്രസുമായുളള സഹകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിസി നേരത്തേ തന്നെ നിലപാട് സ്വീകരിച്ചതാണ്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന ലക്ഷ്യമാണ് സിപിഎമ്മിന് പ്രധാനം. അതിന് കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നാണ് സിസി അംഗീകരിച്ച പ്രകാശ് കാരാട്ടിന്റെ കരട് രേഖയിലെ നിലപാട്.
ഈ നിലപാടിന് മുകളിൽ കേന്ദ്രകമ്മിറ്റിയിൽ ഉയർന്ന വിയോജിപ്പുകൾ ക്രോഡീകരിച്ച് രേഖയാക്കി അവതരിപ്പിക്കാൻ യെച്ചൂരിക്ക് കേന്ദ്രകമ്മിറ്റി അനുമതി നൽകി. കോൺഗ്രസ് ബന്ധത്തെ അനുകൂലിക്കുന്ന ഘടകങ്ങളിലെ കേന്ദ്രകമ്മിറ്റി പ്രതിനിധികളുടെ നിലപാട് യോഗത്തിൽ അവതരിപ്പിക്കാൻ യെച്ചൂരിക്ക് സാധിക്കും.
ഇതിന് മുകളിൽ പാർട്ടി കോൺഗ്രസിലെ പ്രതിനിധി ചർച്ചയിൽ ഭേദഗതികൾ ഉയർന്നുവരുമെന്നാണ് യെച്ചൂരി പക്ഷത്തിന്റെ പ്രതീക്ഷ. കേരളത്തിൽ നിന്നടക്കം കോൺഗ്രസ് അടക്കമുളള ബൂർഷ്വാ പാർട്ടികളുമായി തിരഞ്ഞെടുപ്പ് ബന്ധം സ്ഥാപിക്കുന്നതിന് സഹായകരമായ ഭേദഗതികൾ പാർട്ടി പ്രതിനിധികൾ ഉയർത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് യെച്ചൂരി പക്ഷമുളളത്.