ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സിപിഎം പങ്കെടുക്കില്ല. കേരള ഘടകത്തിന്റെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ അപമാനിച്ചുവെന്നാണ് വിമർശനം.
അതേസമയം, സമാപന സമ്മേളനത്തിൽ സിപിഐ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശ്രീനഗറിൽ ജനുവരി 30 ന് നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ 21 പാർട്ടികളെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ക്ഷണിച്ചിട്ടുണ്ട്. അവരുടെ സാന്നിധ്യം യാത്രാ സന്ദേശത്തെ ശക്തിപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി ഖാർഗെ പാർട്ടി അധ്യക്ഷന്മാർക്ക് കത്തെഴുതിയിട്ടുണ്ട്.
ടിഎംസി, ജെഡിയു, എസ്എസ്, ടിഡിപി, എൻസി, എസ്പി, ബിഎസ്പി, ഡിഎംകെ, സിപിഐ, സിപിഎം, ജെഎംഎം, ആർജെഡി, ആർഎൽഎസ്പി, എച്ച്എഎം, പിഡിപി, എൻസിപി, എംഡിഎംകെ, വിസികെ, ഐയുഎംഎൽ, കെഎസ്എം, ആർഎസ്പി എന്നീ പാർട്ടികളെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചതായി വൃത്തങ്ങൾ പറഞ്ഞു. അതേസമയം, എഎപി, ജെഡിഎസ്, ബിജെഡി, ബിആർഎസ്, വൈഎസ്ആർസിപി, എസ്എഡി എന്നീ പാർട്ടികളെ ഇതുവരെ ക്ഷണിച്ചിട്ടില്ല.
തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്നും 2022 സെപ്റ്റംബർ ഏഴിനാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. ജനുവരി 30 ന് ശ്രീനഗറിലാണ് യാത്ര പര്യവസാനിക്കുക. തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ ഇതിനോടകം 3,300 കിലോമീറ്ററിലധികം യാത്ര പിന്നിട്ടു.