കൊല്‍ക്കത്ത: മുതിര്‍ന്ന നേതാവും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ നിരുപം സെന്‍ അന്തരിച്ചു. ഇന്നു രാവിലെ അഞ്ചു മണിയോടെ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് എഎംആര്‍ഐ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. 72 വയസായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടർന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹത്തിന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു. കൂടാതെ 2013ല്‍ രണ്ട് സെറിബ്രല്‍ അറ്റാക്കുകളും ഉണ്ടായിട്ടുണ്ട്. ശരീരത്തിലെ അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്നു നിരുപം സെന്‍.
ബര്‍ദ്വാന്‍ സൗത്ത് സീറ്റില്‍ നിന്നും 2001, 2006 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ച നിരുപം സെന്‍, 2011ലെ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് മത്സരിച്ച് പരാജയപ്പെട്ടു. സിങ്കൂര്‍, നന്ദിഗ്രാം എന്നിവിടങ്ങളിലെ വ്യവസായിക മുന്നേറ്റങ്ങളുടെ മുഖ്യ പ്രചാരകനായിരുന്നു ഇദ്ദേഹം.
2015ലെ പാര്‍ട്ടിയുടെ വിശാഖപട്ടണം കോണ്‍ഗ്രസ് സമയത്ത് പൊളിറ്റ് ബ്യൂറോയില്‍ നിന്നും മറ്റ് സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹം രാജിവച്ചിരുന്നു. പ്രായത്തിന്റേതായ ദേഹാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് രാജി എന്നദ്ദേഹം പറഞ്ഞിരുന്നു.