ന്യൂഡൽഹി: കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരടു രാഷ്ട്രീയരേഖയിൽ അന്തിമ തീരുമാനമെടുക്കണ്ടത് സിപിഎം പാർട്ടി കോൺഗ്രസാണെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര കമ്മിറ്റിയിലുണ്ടായ തിരഞ്ഞെടുപ്പ് ആരുടെയും വിജയമോ പരാജയമോ അല്ല. ബിജെപിയെ മുഖ്യശത്രുവാക്കിയുളള രേഖയാണ് അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജിയെക്കുറിച്ചുളള ചോദ്യത്തിന് പാർട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് ജനറൽ സെക്രട്ടറിയായി തുടരുന്നതെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
കൊൽക്കത്തയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റിയിൽ (സിസി) വോട്ടിനിട്ടാണ് യെച്ചൂരിയുടെ രേഖ തളളിയത്. വോട്ടെടുപ്പിൽ കാരാട്ട് അവതരിപ്പിച്ച രേഖയെ 55 അംഗങ്ങൾ അംഗീകരിച്ചു. യച്ചൂരിക്ക് കിട്ടിയത് 31 വോട്ടുകൾ മാത്രമാണ്. കേരളത്തിൽനിന്നുള്ള സിസി അംഗങ്ങൾ കാരാട്ടിനെയാണു പിന്തുണച്ചത്. കേരളത്തിൽനിന്നു സംസാരിച്ചതിൽ തോമസ് ഐസക് ഒഴികെ എല്ലാവരും കാരാട്ട് പക്ഷത്തെയാണു പിന്തുണച്ചത്.
രണ്ടു ദിവസമായി നടന്ന ചർച്ചയിൽ മൊത്തം 61 പേരാണു സംസാരിച്ചത്. ബിജപിയെ താഴെയിറക്കാൻ കോൺഗ്രസുമായി സഖ്യം വേണമെന്നതായിരുന്നു യെച്ചൂരിയുടെ നിലപാട്. എന്നാൽ ബിജെപിയെ പരാജയപ്പെടുത്തുകയാണു പാർട്ടിയുടെ മുഖ്യലക്ഷ്യമെങ്കിലും കോൺഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്നായിരുന്നു കാരാട്ടിന്റെ നിലപാട്.