ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയില്ലെങ്കിൽ കേരളത്തിനുള്ള റേഷനരി കേന്ദ്രം നിർത്തലാക്കുമെന്ന് സംസ്ഥാന ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്റെ ഭീഷണിക്ക് മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെയ്യൂരി. മലയാളത്തിൽ “നമുക്ക് കാണാം” എന്ന അടിക്കുറിപ്പോടെയാണ് യെച്ചൂരിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
“കേരളം സോമാലിയക്ക് തുല്യമാണെന്ന് നിങ്ങളുടെ പ്രധാനമന്ത്രി മോദി ഒരിക്കല്‍ പറഞ്ഞു. കേരളത്തിലെ പ്രബുദ്ധരായ ജനത്തെ പട്ടിണിക്കിട്ട് മോദിയുടെ തലതിരിഞ്ഞ സ്വപ്നം സാക്ഷാത്കരിക്കുകയാണ് ബിജെപിയുടെ ആവശ്യം. പക്ഷെ അതൊരിക്കലും നടക്കാൻ പോകുന്നില്ല. അവർ സ്വപ്നം കാണട്ടെ. നമുക്ക് കാണാം,” യെച്ചൂരി കുറിച്ചു.
Modi had spoken of Kerala being like Somalia. The BJP wants to fulfill Modi’s perverse dream of starving the proud people of Kerala. But that is not happening. They can keep on dreaming. Hum dekhenge. നമുക്കു കാണാം https://t.co/2seQUBsOqs
— Sitaram Yechury (@SitaramYechury) December 26, 2019
എന്‍പിആര്‍ പിണറായി വിജയന്‍ കേരളത്തില്‍ നടപ്പാക്കും. ഇല്ലെങ്കില്‍ പിണറായിയെക്കൊണ്ട് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണൻ പറഞ്ഞത്. എൻപിആർ നടപ്പിലാക്കിയില്ലെങ്കിൽ കേരളത്തിനു റേഷന്‍ കിട്ടില്ല. കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. പിണറായി വിജയനെയും രമേശ് ചെന്നിത്തലയെയും ഡിറ്റന്‍ഷന്‍ സെന്റുകളിലാക്കണമെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.
Read More: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകേണ്ടിവരും: ബി.ഗോപാലകൃഷ്ണന്‍
ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകേണ്ടിവരുമെന്നും ബിജെപി സംസ്ഥാന വക്താവ് മുന്നറിയിപ്പ് നൽകിയിരുന്നു. “ഗള്‍ഫില്‍ കച്ചവടം നടത്തുന്ന നിരപരാധികളായ ഹിന്ദുക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. അങ്ങനെ ഭീഷണിപ്പെടുത്തുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകേണ്ടിവരും. മുസ്‌ലിം ലീഗ് നേതാക്കള്‍ മതഭീകരവാദികളെ കയറൂരിവിടുകയാണ്,” എന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്.
സംവിധായകന്‍ കമല്‍, എഴുത്തുകാരി അരുന്ധതി റോയി എന്നിവര്‍ക്കെതിരേയും ഗോപാലകൃഷ്ണന്‍ ആക്ഷേപമുന്നയിച്ചു. സംവിധായകന്‍ കമല്‍ വര്‍ഗീയവാദിയാണെന്നു പറഞ്ഞ ഗോപാലകൃഷ്ണന്‍ സിനിമാക്കാരുടെ സമരത്തില്‍ മാന്യന്മാരാരും പങ്കെടുത്തില്ലെന്നും അഭിപ്രായപ്പെട്ടു. സെന്‍സസ് എടുക്കാന്‍ വരുമ്പോള്‍ കളവുപറയാന്‍ ആഹ്വാനം ചെയ്ത അരുന്ധതി റോയിയെ രാഷ്ട്രീയമന്ഥരയെന്നു വിളിക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.