ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിരാഹാര സമരത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രി കാണിക്കുന്നത് കാപട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു വശത്ത് പൊലീസുകാരെ അഴിച്ചുവിട്ട് കർഷകരെ കൊന്നൊടുക്കുന്നു, മറുവശത്ത് നിരാഹാര സമരമെന്ന തമാശയും എന്നാണ് ട്വിറ്ററിൽ സിപിഎം ജനറൽ സെക്രട്ടറിയുടെ വിമർശനം.

നിരാഹാര സമരം അനുഷ്ഠിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം ഒരിക്കലും, അദ്ദേഹത്തിന്റെ പൊലീസ് പ്രതിഷേധക്കാരോട് പെരുമാറുന്ന രീതിയ്ക്കുള്ള മറുപടിയാകില്ലെന്ന് ഫെയ്സ്ബുക്കിലെ പോസ്റ്റിലും യെച്ചൂരി തുറന്നടിച്ചു.

മധ്യപ്രദേശിലെ കർഷകരുടെ വിളകൾക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും, വിളകൾ കേന്ദ്ര സർക്കാർ സംഭരിക്കണമെന്നും ട്വിറ്ററിൽ സിപിഎം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

കർഷകരുടെ ഉൽപ്പാദനം കൂടുമ്പോൾ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്നത് കർഷക വിരുദ്ധ നയമാണെന്നാണ് മറ്റൊരു ട്വീറ്റിൽ യെച്ചൂരി വിമർശിച്ചിരിക്കുന്നത്. കർഷകരുടെ വിളകൾക്ക് നമ്മൾ നല്ല മൂല്യം നൽകുന്നില്ലെന്നതാണ് സത്യമെന്ന് ചൂണ്ടിക്കാട്ടിയ യെച്ചൂരി ബിജെപി സർക്കാർ ഇവരുടെ ആവശ്യങ്ങളെ വെടിയുണ്ടകൾ കൊണ്ടാണ് നേരിടുന്നതെന്നും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ