Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

മമതയോടെ കൈ കൊടുക്കാം; ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ഒന്നിക്കുമ്പോൾ

ദേശീയ തലത്തിൽ കോൺഗ്രസുമായുള്ള സഖ്യത്തെ പ്രധാനമായി എതിർത്തിരുന്നത് കേരളത്തിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ്. ഇതിൽ പിണറായി വിജയനായിരുന്നു പ്രധാനി. എന്നാൽ, ഇത്തവണ കേരളത്തിൽ നിന്നുള്ള നേതാക്കളും കോൺഗ്രസുമായുള്ള സഖ്യത്തെ അനുകൂലിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചൂടേറിയ ചർച്ചകൾ പശ്ചിമ ബംഗാളിൽ നടക്കുകയാണ്. മമത ബാനർജി സർക്കാരിനെ താഴെയിറക്കുക, ബിജെപിയുടെ വളർച്ച പ്രതിരോധിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കോൺഗ്രസിനും ഇടതുപാർട്ടികൾക്കും. തങ്ങൾക്ക് നഷ്‌ടപ്പെട്ട ജനപിന്തുണ ഘട്ടംഘട്ടമായി വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് സിപിഎം. തൃണമൂൽ കോൺഗ്രസ്, ബിജെപി വിരുദ്ധ വോട്ടുകൾ ചിതറിക്കപ്പെടാതിരിക്കാൻ കോൺഗ്രസും ഇടത് പാർട്ടികളും വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കും. ഇതുമായി ബന്ധപ്പെട്ട അവസാന ഘട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

പൊളിറ്റ് ബ്യൂറോയുടെ പച്ചക്കൊടി

കോൺഗ്രസുമായി സഖ്യം ചേരാൻ സിപിഎമ്മിൽ ഏകദേശ ധാരണയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ കോൺഗ്രസുമായി സഖ്യമാകാം എന്ന തീരുമാനത്തിലെത്തി. സഖ്യത്തോട് ആർക്കും വിയോജിപ്പില്ല. ഒക്‌ടോബർ 30,31 ദിവസങ്ങളിൽ സിപിഎം കേന്ദ്ര കമ്മിറ്റി ചേരുന്നു. ഈ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ചേർന്ന് മത്സരിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തൽ. ദേശീയ രാഷ്ട്രീയ സാഹചര്യം മാറിയെന്ന് വിലയിരുത്തി ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കാനാണ് പൊളിറ്റ് ബ്യൂറോയുടെ അനുമതി.

Read Also: നിയമസഭ കയ്യാങ്കളി കേസ്: മന്ത്രിമാരായ ജയരാജനും ജലീലും നാളെ കോടതിയിൽ ഹാജരാകണം

കോൺഗ്രസിനും അനുകൂല നിലപാട്

സിപിഎമ്മുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് നേരത്തെ സമ്മതമാണ്. 2016 ൽ ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ച നടന്നപ്പോഴും കോൺഗ്രസിനു അനുകൂല നിലപാടായിരുന്നു. എന്നാൽ, സിപിഎം ഇതിനെ എതിർത്തു. പിന്നീട് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അതിനുശേഷം വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടത് പാർട്ടികളും കോൺഗ്രസും വെവേറെയായാണ് മത്സരിച്ചത്. ബിജെപി-തൃണമൂൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കപ്പെടാൻ ഇതിലൂടെ കാരണമായി. ബംഗാളിൽ സിപിഎമ്മുമായുള്ള സഖ്യത്തെ സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് ആവർത്തിച്ചു. സിപിഎം അടക്കമുള്ള ഇടത് പാർട്ടികളും കോൺഗ്രസും ഒന്നിച്ച് മത്സരിച്ചാൽ പശ്ചിമ ബംഗാളിൽ മികച്ച ഫലം ലഭിക്കുമെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. സിപിഎമ്മുമായുള്ള സഖ്യത്തിന് ദേശീയ നേതൃത്വം പച്ചക്കൊടി കാണിക്കുമെന്നാണ് സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നത്.

കേരളത്തിൽ നിന്നുള്ള എതിർപ്പും അയഞ്ഞു

നേരത്തെ, കേരളത്തിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങൾ കോൺഗ്രസ് സഖ്യത്തിനു എതിരായിരുന്നു. കോൺഗ്രസുമായി സഖ്യം വേണ്ട എന്ന നിലപാടായിരുന്നു പിണറായി വിജയൻ അടക്കമുള്ളവർ സ്വീകരിച്ചത്. കോൺഗ്രസുമായി നീക്കുപോക്കുകൾ ആകാം, പ്രത്യക്ഷ സഖ്യം വേണ്ട എന്ന ദേശീയ തലത്തിൽ പ്രകാശ് കാരാട്ട് സ്വീകരിച്ച നിലപാടിനൊപ്പമായിരുന്നു പിണറായി വിജയൻ. എന്നാൽ, ഇത്തവണ പിണറായി അടക്കമുള്ള നേതാക്കൾ നിലപാട് മയപ്പെടുത്തിയതായാണ് സൂചന. കേരളത്തിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളും കോൺഗ്രസുമായുള്ള സഖ്യത്തെ സ്വാഗതം ചെയ്‌തെന്ന് റിപ്പോർട്ടുകളുണ്ട്.

ബിഹാർ തിരഞ്ഞെടുപ്പ് ഫലം ചർച്ചയാകും

ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു. ഇവിടെ കോൺഗ്രസും ഇടത് പാർട്ടികളും ഒന്നിച്ചാണ് മത്സരിക്കുന്നത്. ബിഹാർ തിരഞ്ഞെടുപ്പ് ഫലം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി ഈ സഖ്യം വളർത്താൻ ഗുണം ചെയ്‌തേക്കും.

രാഷ്‌ട്രീയ ആയുധമാക്കാൻ ബിജെപി

കോൺഗ്രസ്, സിപിഎം സഖ്യത്തെ ബിജെപി രാഷ്‌ട്രീയ ആയുധമാക്കാനുള്ള സാധ്യതകളുമുണ്ട്. പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെയാണ് കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും പരസ്‌പരം ഏറ്റുമുട്ടുന്നതും ബംഗാളിൽ ഇരുവരും സഖ്യമായി മത്സരിക്കുന്നതും ചൂണ്ടിക്കാട്ടി ബിജെപിയും തൃണമൂൽ കോൺഗ്രസും പ്രതിരോധം തീർത്തേക്കും.

 

 

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cpm cong tie up for bengal assembly election 2021

Next Story
ബിജെപി നേതാവ് ഖുശ്ബു അറസ്റ്റിൽKhushbu Sundar, Khushboo Sundar, VCK Thirumavalavan MP, Khushbu BJP, Khushbu arrested
The moderation of comments is automated and not cleared manually by malayalam.indianexpress.com