ന്യൂഡൽഹി: കോൺഗ്രസുമായി സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം. സഹകരണം വേണമെന്ന ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും ബംഗാൾ ഘടകത്തിന്റെയും ആവശ്യം തളളി. നിലവിലെ രാഷ്ട്രീയ നയത്തിൽ മാറ്റം വേണ്ടെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. വോട്ടെടുപ്പില്ലാതെയാണ് കേന്ദ്ര കമ്മിറ്റിയിൽ തീരുമാനമെടുത്തത്. വിഷയം അടുത്ത കേന്ദ്ര കമ്മിറ്റിയിൽ ഉന്നയിക്കുമെന്ന് ബംഗാൾ ഘടകം വ്യക്തമാക്കി. അടുത്ത വർഷം ജനുവരിയിലാണ് ഇനി കേന്ദ്ര കമ്മിറ്റി ചേരുക.

കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം പ്രകാശ് കാരാട്ടിനും കേരള ഘടകത്തിനും ഉളള വിജയമായി. അതേസമയം, സിസിയുടെ തീരുമാനം സീതാറാം യച്ചൂരിക്ക് വൻ തിരിച്ചടിയായി. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന യച്ചൂരിയുടെ അഭിപ്രായം പിബിക്കു പിന്നാലെയാണ് കേന്ദ്ര കമ്മിറ്റിയും തളളിയത്.

കോൺഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഭിന്നത ഉടലെടുത്തിരുന്നു. കോൺഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രകാശ് കാരാട്ട് പക്ഷവും കേരള ഘടകവും. അതേസമയം, മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസുമായി സഹകരണം വേണം എന്ന നിലപാടിലാണ് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.

വി.എസ്.അച്യുതാനന്ദന്‍, തോമസ് ഐസക് എന്നിവര്‍ സീതാറാം യച്ചൂരിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്. ബംഗാൾ ഘടകം ഒന്നടങ്കവും യച്ചൂരിക്ക് ഒപ്പമാണ്. കോണ്‍ഗ്രസുമായുള്ള സഹകരണം പൂര്‍ണമായും തള്ളരുതെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ