അ​ഗ​ർ​ത്ത​ല: ത്രിപുരയിൽ അധികാരം പിടിച്ചതിന് പിന്നാലെ ബിജെപി വ്യാപക അക്രമത്തിന് തുടക്കമിട്ടതായി റിപ്പോർട്ട്. സിപിഎം ഓഫീസുകളും തൃണമൂൽ ഓഫീസുകളും പിടിച്ചെടുക്കുകയും തീയിടുകയും ചെയ്ത ബിജെപി പ്രവർത്തകർ ബലാനിയയിലെ ലെനിന്റെ പൂർണ്ണകായ പ്രതിമ തകർത്തു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ട് ദിവസത്തിനിടെ 240 പേർ ആക്രമിക്കപ്പെട്ടതായി സിപിഎം സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ബിജെപി പ്രവർത്തകരാണ് എല്ലായിടത്തും അക്രമം നടത്തുന്നതെന്നും അവർ പറഞ്ഞു.

പാർട്ടി പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും അവരുടെ വാഹനങ്ങളും വീടുകളും തകർക്കുകയും ചെയ്യുന്നതായി സിപിഎം ആരോപിച്ചു. ലെനിന്റെ പ്രതിമ തകർത്തതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുളള കമ്യൂണിസ്റ്റ് നേതാക്കളുടെയെല്ലാം പ്രതിമകൾ നശിപ്പിക്കുമെന്ന് ബിജെപി പറഞ്ഞു.

ഫൈബർ ഗ്ലാസിൽ നിർമ്മിച്ച പ്രതിമയാണ് ഇന്നലെ തകർക്കപ്പെട്ട ലെനിന്റെ പ്രതിമ. ജെസിബി ഉപയോഗിച്ചാണ് ലെനിന്റെ പ്രതിമ ഇളക്കി മാറ്റിയത്. ഇവിടെ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ട് അധികം നാളുകളായിട്ടില്ല. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

ഇതിനിടെ സമൂഹമാധ്യമങ്ങളിൽ അക്രമത്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ച പ്രവർത്തകയെ ഭീഷണിപ്പെടുത്തിയതായുളള വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook