നാഗ്പുര്‍: പ്രമുഖ നേതാവ് കൊബാഡ് ഗാന്ധിയെ പുറത്താക്കി സിപിഐ (മാവോയിസ്റ്റ്). സംഘടനയില്‍നിന്ന് സ്വയം അകന്നു, ആത്മീയതയുടെ ബൂര്‍ഷ്വാ പാതയെ പുല്‍കുന്നു, മാര്‍ക്‌സിസത്തിനു നല്ല മൂല്യങ്ങളില്ലെന്ന അഭിപ്രായപ്രകടനം നടത്തുന്നു എന്നിവ ആരോപിച്ചാണ് നടപടി. കൊബാഡിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കുന്നതായി സംഘടന പ്രസ്്താവനയില്‍ അറിയിച്ചു.
”നക്‌സല്‍ബാരിയുടെ രാഷ്ട്രീയമൂല്യങ്ങള്‍ പാലിച്ചുകൊണ്ട് കൊബാഡ് ഗാന്ധി 50 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചു. ആദ്യം സിപിഐ (എംഎല്‍) കേന്ദ്ര കമ്മിറ്റി അംഗമായും പിന്നീട് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി നേതാവായും പ്രവര്‍ത്തിച്ച അദ്ദേഹം തുടര്‍ന്ന് സിപിഐ(മാവോയിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗമായി. 2009ല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. അന്നുമുതല്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഭരണ രാഷ്ട്രീയ ശക്തികളുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം ഇത് ചെയ്യുന്നത്. അതു കാണിക്കുന്നത് അദ്ദേഹത്തിനു തന്റെ സത്യസന്ധത നഷ്ടപ്പെട്ടുപ്പെട്ടുവെന്നാണ്. സത്യസന്ധതയില്ലാത്ത ഇത്തരം ആളുകള്‍ക്കു സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കാന്‍ കഴിയുക,” സിപിഐ (മാവോയിസ്റ്റ്) വക്താവ് അഭയ് ഒപ്പുവച്ച് നവംബര്‍ 27നു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ”ഇത് (പ്രസ്താവന) യഥാര്‍ത്ഥമാണോ? കണ്ടുപിടിക്കാന്‍ എനിക്ക് ഒരു മാര്‍ഗവുമില്ല,”എന്നാണ് കൊബാഡ് ഗാന്ധി ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പ്രതികരിച്ചത്. താന്‍ ഉന്നത മാവോയിസ്റ്റാണെന്നാണ് മാധ്യമങ്ങളും പൊലീസും ആരോപിച്ചതെന്നും അതിനാല്‍ പ്രസ്താവന മറ്റൊരു തന്ത്രമാണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ആരോപണങ്ങള്‍ താന്‍ എപ്പോഴും നിഷേധിക്കുകയും കോടതികള്‍ തന്നെ എല്ലാ കുറ്റങ്ങളില്‍നിന്നും ഒഴിവാക്കുകയും ചെയ്തതിനാല്‍ പുറത്താക്കല്‍ സംബന്ധിച്ച ചോദ്യമുയരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ പൊളിറ്റ് ബ്യൂറോ അംഗമെന്നാരോപിച്ച് 2009 സെപ്റ്റംബറിലാണ് കൊബാഡ് ഗാന്ധിയെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിനുവേണ്ടി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്തുടനീളമുള്ള ജയിലുകളില്‍ ഒരു പതിറ്റാണ്ട് അദ്ദേഹത്തിനു കഴിയേണ്ടിവന്നു. 2019 ഒക്ടോബറില്‍ സൂറത്ത് ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തിനെതിരെ പത്ത് കേസ് നിലവിലുണ്ട്. യുഎപിഎ കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതിനെ ഡല്‍ഹി പൊലീസ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
Also Read: ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 15ന് പുനരാരംഭിച്ചേക്കില്ല
ജയില്‍മോചിതനായി ഒരു വര്‍ഷത്തിനു ശേഷം പ്രസിദ്ധീകരിച്ച ‘ഫ്രാക്‌ച്വേഡ് ഫ്രീഡം’ എന്ന കൊബാഡിന്റെ ഓര്‍മക്കുറിപ്പാണ് മാവോയിസ്റ്റുകളെ നടപടിക്കു പ്രേരിപ്പിച്ചതെന്നു കരുതുന്നു. മുംബൈയിലെ മികച്ച സൗകര്യങ്ങളില്‍നിന്ന് ഭാര്യ അനുരാധയോടൊപ്പം മഹാരാഷ്ട്രയിലെ ദരിദ്രമായ ചേരികളിലെ തന്റെ ജീവിതത്തിലേക്കും ജോലിയിലേക്കുമുള്ള യാത്രാഗതിക്കു പുറമേ, ഇടതുപക്ഷ, മാവോയിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വിമര്‍ശങ്ങളും അടങ്ങിയതാണ് ഓര്‍മക്കുറിപ്പ്.
പുസ്തകത്തില്‍) എഴുതിയ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് തുടരുമെന്നും തനിക്കെതിരായ മാവോയിസ്്റ്റ് പ്രസ്താവനയിലെ പ്രത്യയശാസ്ത്രപരമായ വിമര്‍ശങ്ങളോട് പ്രതികരിച്ചുകൊണ്ട് കൊബാഡ് പറഞ്ഞു. ”ഞാന്‍ തെറ്റാണെങ്കില്‍, ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനം തകരുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ എന്നോട് പറയണം. എന്തുകൊണ്ടാണ് അവര്‍ അതേ സൈദ്ധാന്തിക പിടിവാശിയില്‍ ഉറച്ചുനില്‍ക്കുന്നത്,”അദ്ദേഹം ചോദിച്ചു.
ജയില്‍ മോചിതനായശേഷം കൊബാഡ് ഗാന്ധി പാര്‍ട്ടിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന പ്രസ്താവനയിലെ വിമര്‍ശനത്തിന്,”അവരെ എവിടെ കണ്ടെത്തും? കുറ്റിക്കാട്ടില്‍? ജയിലിലായിരുന്നപ്പോള്‍ ആരും എന്നെ കാണാന്‍ വന്നില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ ഉടന്‍ പ്രസ്താവന പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.