ന്യൂഡൽഹി: ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിനൊപ്പം സിപിഎം ഉണ്ടാകില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയുടെ സമ്മിശ്ര സംസ്കാരത്തെ സംരക്ഷിക്കുന്നതിനായി ജെഡി(യു) വിമത നേതാവ് ശരദ് യാദവ് നയിക്കുന്ന സഖ്യത്തിനൊപ്പം നിലനിൽക്കുന്നുവെന്നും എന്നാൽ മഹാസഖ്യത്തിനൊപ്പം തിരഞ്ഞെടുപ്പിനെ നേരിടില്ലെന്നും സിപിഎം നേതാവ് വിശദീകരിച്ചു.

പ്രധാന പ്രതിപക്ഷ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ബീഹാറിൽ ആർജെഡി സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാതിരുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സിപിഎം ജനറൽ സെക്രട്ടറി. രാജ്യത്തിന്റെ സമ്മിശ്ര സംസ്കാരം സംരക്ഷിക്കുന്നതിനായുള്ള യോജിച്ച പ്രവർത്തനം മഹാസഖ്യവുമായി ബന്ധപ്പെടുത്തേണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി വിശദീകരിച്ചു.

ബീഹാറിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിൽ നടത്തിയ ബിജെപി ബഗാവോ ദേശ് വചാവോ റാലിയിൽ സിപിഎം പങ്കെടുത്തിരുന്നില്ല. അതേസമയം വെസ്റ്റ് ബംഗാളിലെ സിപിഎമ്മിന്റെ പ്രധാന എതിരാളി തൃണമൂൽ കോൺഗ്രസിന്റെ നേതാവ് മമത ബാനർജി യോഗത്തിൽ പങ്കെടുത്തിരുന്നു.

കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, ദേശീയ സെക്രട്ടറി ഡി.രാജ, എൻസിപി നേതാവ് താരിഖ് അൻവർ എന്നിവരടക്കം 17 രാഷ്ട്രീയ പാർട്ടികളാണ് പാറ്റ്നയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ