ന്യൂഡല്‍ഹി : ബിജെപിയുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവലും. കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗത്തിലാണ് അജിത്‌ ഡോവല്‍ പങ്കെടുത്തത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ത്രിപുര യുണിറ്റ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷനെ അഭിസംബോധന ചെയ്ത് സംസ്ഥാന സെക്രട്ടറി ബിജന്‍ ധാര്‍ എഴുതിയ കത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചുകൊണ്ട് ബിജെപി ചെയ്യുന്നത് കടുത്ത ചട്ടലംഘനം ആണെന്ന് ആരോപിക്കുന്നു. സംഭവത്തില്‍ കുറ്റക്കാരായ ബിജെപിക്കെതിരെ കടുത്ത നടപടിയെടുക്കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

” അധികാരത്തിലോ പ്രതിപക്ഷത്തോ ഇരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് അവസരത്തിനായി ഭരണനിർവ്വഹണ സ്ഥാപനങ്ങളെ ഉപയോഗിക്കരുത് എന്ന് ഉറപ്പുവരുത്തേണ്ട സംവിധാനം എന്ന നിലയില്‍ ഈ സംഭവത്തില്‍ വേണ്ട വിധ അന്വേഷണം ആവശ്യപ്പെടുന്നു.” എന്ന് പറയുന്ന കത്തില്‍ ആരോപണം സത്യമാണ് തെളിയുകയാണ് എങ്കില്‍ കടുത്ത നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്.

ത്രിപുര. മേഘാലയ, നാഗാലാ‌‍ന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ വരുന്ന തിരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങള്‍ മെനയുന്നതിനായി “തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് യോഗം ചേര്‍ന്നത്” എന്ന് കത്തില്‍ പറയുന്നു.

ബിജെപി യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പങ്കെടുത്തു എന്ന പിടിഐ വാര്‍ത്ത പ്രതിപാദിക്കുന്ന കത്തില്‍ ബിജെപി നടത്തുന്നത് കടുത്ത അധികാര ദുര്‍വിനിയോഗം ആണെന്നും സിപിഎം സമര്‍ഥിക്കുന്നു.

” ഇത്തരത്തിലുള്ള അധികാര ദുര്‍വിനിയോഗം രാജ്യത്തെ ജനാധ്യപത്യ വ്യവസ്ഥകള്‍ക്ക് തന്നെ ഭീഷണിയാണ്.” സിപിഎം പറഞ്ഞു.

അഭ്യന്തര മന്ത്രിക്ക് പുറമേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ചുമതല വഹിക്കുന്ന രാം മാധവ്, മുതിര്‍ന്ന ബിജെപി നേതാവായ കൃഷ്ണ ഗോപാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ