ഹൈദരാബാദ്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തെലങ്കാനയിൽ ബഹുജൻ മുന്നണിയായി മത്സരിക്കാൻ സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം പിബി അംഗീകരിച്ചു. ഇതോടെ സിപിഐയും സിപിഎമ്മും ഇവിടെ പരസ്പരം മത്സരിക്കും.

അടുത്ത വർഷം നടക്കേണ്ട ലോക്‌സഭ തിരഞ്ഞെടുപ്പിലും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണ്. ബഹുജന്‍ മുന്നണിയുടെ നേതൃത്വത്തിലാണ് സിപിഎം തെലങ്കാനയില്‍ തിരഞ്ഞെടുപ്പിനെ നേരിടുക. അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി തിരഞ്ഞെടുപ്പ് ധാരണകളിലെ അന്തിമ തീരുമാനം എടുക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചു.

പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരുദ്ധാരണപ്രവര്‍ത്തനങ്ങളിലും മികവുറ്റ പ്രവർത്തനം കാഴ്ചവച്ച കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സിപിഎം പൊളിറ്റ് ബ്യൂറോ അഭിനന്ദിച്ചു. പത്ത് കോടി രൂപയാണ് സിപിഎം രാജ്യത്താകമാനം നടത്തിയ പിരിവിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്.

ആധാറുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സിപിഎം പൊളിറ്റ് ബ്യൂറോ സ്വാഗതം ചെയ്തു. ആക്ടിവിസ്റ്റുകൾക്കെതിരെ വ്യാജകേസുകൾ ചുമത്തിയതിനെ പിബി അപലപിച്ചു. റാഫേൽ കേസ് പാർലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്നും പിബി യോഗം ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook