പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതുവേദിയില്‍ പുകഴ്ത്തി സംസാരിച്ച മഹാരാഷ്ട്ര സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. കേന്ദ്രകമ്മിറ്റി അംഗം കൂടിയായ നരസയ്യ ആദമിനെ മൂന്ന് മാസത്തേക്ക് കമ്മിറ്റിയില്‍ നിന്നും സസ്‌പെന്‍പെന്‍ഡ് ചെയ്തു.
ആദം പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കി എന്നു ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ജനുവരി ഒമ്പതിന് ബീഡി ക്ഷേമനിധി ഉദ്ഘാടന ചടങ്ങിനിടെ നരേന്ദ്രമോദിയെ വേദിയിലിരുത്തിയായിരുന്നു പ്രസംഗം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ബീഡി തൊഴിലാളികളുടെ ഭവനപദ്ധതിയുടെ ചുമതലവഹിച്ചിരുന്ന വ്യക്തികൂടിയായിരുന്നു ആദം. ‘പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി 2022ഓടെ ഭവന പദ്ധതി പൂര്‍ത്തിയാകും. അപ്പോഴും നരേന്ദ്രമോദി പ്രധാനമന്ത്രിയായിത്തന്നെ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തണമെന്നാണ് എന്റെ ആഗ്രഹം’,’ എന്നായിരുന്നു ആദത്തിന്റെ വാക്കുകള്‍.
രാജ്യത്ത് കഴിഞ്ഞ എഴുപത് വര്‍ഷം നടക്കാത്ത വികസനമാണ് മോദി നടത്തിയതെന്നും നരസയ്യ ആദം പറഞ്ഞു. ഇന്ത്യയിലെ ദരിദ്രരായ സ്ത്രീകള്‍ ഒരിക്കലും മോദിയെ മറക്കില്ല. ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് നല്‍കിയ വീടുകള്‍, ബംഗ്‌ളാവുകളാണ്. ജനങ്ങള്‍ എന്നും മോദിയോട് കടപ്പെട്ടിരിക്കുമെന്നും ആദം പറഞ്ഞു. ഇതിന് പുറകെയാണ് പാർട്ടി ആദത്തിനെതിരെ നടപടി സ്വീകരിച്ചത്.