കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎം വോട്ടുകള്‍ ചോര്‍ന്നത് ബിജെപിയിലേക്ക് പോയി എന്ന് തുറന്നുസമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു എന്നും ബംഗാള്‍ സംസ്ഥാന സമിതിക്ക് ശേഷം സീതാറാം യെച്ചൂരി പ്രതികരിച്ചു. ബംഗാളില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മിന് ഇത്തവണ വിജയിക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ആവശ്യത്തില്‍ ബംഗാള്‍ ഘടകം ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്തവര്‍ ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്തതായി യെച്ചൂരി പറഞ്ഞു. ഇതുകൊണ്ടാണ് ബിജെപിക്ക് 18 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമ രഷ്ട്രീയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തതാണ്. ബിജെപിയും തൃണമൂലും നടത്തിയ വര്‍ഗീയ പ്രചാരണത്തിന്റെ ഭാഗമായാണിത്. പാര്‍ട്ടി അംഗങ്ങളുടെ വോട്ടല്ല ബിജെപിയിലേക്ക് പോയതെന്നും ഇടത് അനുകൂലികളുടെ വോട്ടാണ് നഷ്ടമായതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Read More: ബംഗാളില്‍ വട്ടപൂജ്യം; കേരളത്തിലുള്ളത് ഒരു തരി കനല്‍
രാജ്യത്ത് സിപിഎം ഏറ്റവും മികച്ച പോരാട്ടം കാഴ്ചവയ്ക്കുമെന്ന് നേതൃത്വം അവകാശപ്പെട്ടിരുന്ന കേരളത്തില്‍ കോണ്‍ഗ്രസിന് മുന്‍പില്‍ തകര്‍ന്നടിഞ്ഞ സിപിഎം ബംഗാളില്‍ പൂര്‍ണമായും ഇല്ലാതായ അവസ്ഥയാണ്. ഒരു സീറ്റ് പോലും ബംഗാളില്‍ നിന്ന് നേടാന്‍ സാധിക്കാത്ത വിധം ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം തോല്‍വി വഴങ്ങി.
ബംഗാളില്‍ ഒരു സീറ്റ് പോലും നേടാന്‍ സിപിഎമ്മിന് സാധിച്ചില്ല. 1977 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ബംഗാളില്‍ ഇത്രയും മോശം പ്രകടനം സിപിഎം ഇതുവരെ കാഴ്ചവച്ചിട്ടില്ല എന്ന് വേണം പറയാന്‍. 2011 ല്‍ അധികാരത്തില്‍ നിന്ന് പുറത്തായ ശേഷം പിന്നീടിങ്ങോട്ട് തിരിച്ചുവരാന്‍ സിപിഎമ്മിന് ബംഗാളില്‍ സാധിച്ചിട്ടില്ല. ഇത്തവണ ബിജെപി ഇടത് വോട്ടുകളിലേക്ക് വേരിറക്കി. മത്സരം പലയിടത്തും തൃണമൂലും ബിജെപിയും തമ്മിലായി. സിപിഎം ചിത്രത്തിലേ ഇല്ലാത്ത അവസ്ഥ. ഒരിടത്തും സിപിഎം രണ്ടാം സ്ഥാനത്ത് എത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
Read More: ‘എല്ലാം പാഠങ്ങള്‍, തിരുത്തി മുന്നോട്ട് പോകണം’; തോല്‍വിയെ വിലയിരുത്തി സിപിഎം
34 വര്‍ഷം ബംഗാള്‍ ഭരിച്ച പാര്‍ട്ടിക്കാണ് ഇങ്ങനെയൊരു ദുരവസ്ഥ. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നേടി സിപിഎം ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍, 2019 ലേക്ക് എത്തിയപ്പോള്‍ അതും നഷ്ടപ്പെട്ടിരിക്കുകയാണ്. 2014 ല്‍ 34 ശതമാനം വോട്ടുണ്ടായിരുന്ന ഇടത് പാര്‍ട്ടിക്ക് ഇത്തവണയുള്ളത് ഏഴ് ശതമാനം വോട്ട് മാത്രം.