ഹൈദരാബാദ്: തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് ഭരണവിരുദ്ധവികാരം ശക്തമാണെന്ന് പറഞ്ഞ സീതാറാം യച്ചൂരി നോട്ടുനിരോധനത്തിന്‍റെയും ചരക്കുസേവന നികുതിയുടേയും പ്രത്യാഘാതങ്ങള്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും നിരീക്ഷിച്ചു.

“തിരഞ്ഞെടുപ്പ് നേരത്തേ നടത്തുന്നതിനെ കുറിച്ച് സംസാരം നടക്കുന്നുണ്ട്. ജനജീവിതത്തെ ബാധിച്ച നോട്ടുനിരോധനത്തിനും ചരക്കുസേവന നികുതിക്കുമെതിരായ വികാരം ശക്തമാണ്.”

” എനിക്കറിയില്ല. സര്‍ക്കാരാണ് തിരഞ്ഞെടുപ്പ് നേരത്തെ വേണമോ എന്ന് തീരുമാനിക്കേണ്ടത്. പക്ഷെ എന്നായാലും ഞങ്ങള്‍ തയാറാണ്. ഞങ്ങള്‍ മാത്രമല്ല, രാജ്യം മുഴുവന്‍ തയാറാണ് എന്നാണ് എനിക്ക് തോന്നുന്നത്. ” സീതാറാം യച്ചൂരി പറഞ്ഞു.

ഗുജറാത്ത്, ഹിമാചല്‍‌പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ കഴിഞ്ഞവര്‍ഷത്തെ നോട്ടുനിരോധനവും ഈയടുത്ത് നടപ്പിലാക്കിയ ചരക്കുസേവന നികുതിയും ജനജീവിതത്തെ താറുമാറാക്കി എന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറിയുടെ മറുപടി.

” ഇന്ന്‍ ശക്തമായൊരു ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് നോട്ടുനിരോധനത്തിന്‍റെയും ജിഎസ്ടിയുടെയും കാര്യത്തില്‍’

” ഇത് കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെയാണ് തകര്‍ത്തത്. രണ്ട് സാഹചര്യങ്ങളിലും നമുക്ക് അടുത്തറിയാവുന്ന കാര്യം തന്നെയാണിത്. അതെങ്ങനെ തിരഞ്ഞെടുപ്പില്‍ വോട്ടായി മാറും എന്നത് നമ്മള്‍ കാത്തിരുന്നു കാണേണ്ട കാര്യമാണ്. ” യച്ചൂരി പറഞ്ഞു.

ഇടതുപക്ഷം എന്നും ‘ബദല്‍ നേതാക്കളെയല്ല’ ‘ബദല്‍ നയങ്ങളെയാണ് നോക്കുന്നത് എന്ന് പറഞ്ഞ യച്ചൂരി ഈ രണ്ടു സംസ്ഥാനങ്ങളിലും മുന്നോട്ട് വയ്ക്കുന്ന നയവും അത് തന്നെയാണെന്ന് വ്യക്തമാക്കി.

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് രാഷ്ട്രീയത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് അത് കണ്ടുതന്നെ അറിയാം എന്ന് യച്ചൂരി മറുപടി നല്‍കി.

ഹിന്ദുസേന പോലെയുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടിയ സീതാറാം യച്ചൂരി രാജ്യം ഭരിക്കുന്നത് ‘സ്വകാര്യ ഭടന്മാര്‍’ ആണെന്നും. ബിജെപി ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കാനുള്ള ‘വോട്ടുബാങ്ക്’ രാഷ്ട്രീയം മാത്രമാണ് കളിക്കുന്നത് എന്നും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച സീതാറാം യച്ചൂരി ആര്‍ബിഐയും തിരഞ്ഞെടുപ്പ് കമ്മീഷനും പോലുള്ള ഭരണഘടനാ സംവിധാനങ്ങളിൽ ബിജെപി കൃത്രിമം കാണിക്കുകയാണ് എന്നും ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ