ന്യൂഡൽഹി: അമേരിക്കൻ റീട്ടെയ്ൽ ഭീമൻ വാൾമാർട്ട്, ഇന്ത്യൻ കമ്പനി ഫ്ലിപ്‌കാർട്ടിനെ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി സിപിഎം. ഇത് നരേന്ദ്രമോദി സർക്കാരിന്റെ വിദേശനയത്തിലെ “നഗ്നമായ ചതി”യാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.

ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ഉറപ്പിൽ നരേന്ദ്ര മോദി സർക്കാർ വെളളം ചേർത്തെന്നാണ് സിപിഎം ആരോപിച്ചിരിക്കുന്നത്. ഇതോടെ മേക്ക് ഇൻ ഇന്ത്യ എന്നത് മേക്ക് ഫോർ ഇന്ത്യ ആയെന്നും സിപിഎം പ്രസ്‌താവനയിൽ പറഞ്ഞു.

ഇന്ത്യയുടെ ചില്ലറ വ്യാപാര മേഖലയിലെ ഏറ്റവും വലിയ സ്ഥാപനത്തിനെ 16 ബില്യൺ ഡോളറിന് അമേരിക്കൻ ഭീമനായ വാൾമാർട്ടിന് വാങ്ങാൻ പിൻവാതിൽ അനുമതിയാണ് സർക്കാർ നൽകിയതെന്ന് സിപിഎം കുറ്റപ്പെടുത്തി.

“പ്രതിപക്ഷത്തായിരുന്നപ്പോൾ ബിജെപി തന്നെ എതിർത്തതാണ് ഈ നയത്തെ. ഇപ്പോൾ അവർ ഭരിക്കുമ്പോൾ ചില്ലറ വ്യാപാര മേഖലയിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ അവർ തന്നെ വിദേശ നിക്ഷേപം അനുവദിച്ചിരിക്കുന്നു. നൽകിയ എല്ലാ വാഗ്‌ദാനങ്ങളിലും ജനങ്ങളെ നഗ്നമായി ചതിക്കുകയാണ് തങ്ങളെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ബിജെപി സർക്കാർ,” സിപിഎം പറഞ്ഞു.

രാജ്യത്തെ അഞ്ചിലൊന്ന് ജനവിഭാഗത്തിന്റെ വരുമാന മാർഗവും നാല് കോടി പേരുടെ ഉപജീവനമേഖലയുമായ ചില്ലറ വ്യാപാര മേഖലയെ ആകെ തകർക്കുന്നതാണ് ഈ നീക്കമെന്ന് സിപിഎം കുറ്റപ്പെടുത്തി.

രാജ്യത്ത് കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരുടെ ഉപജീവന മേഖലയായ ചെറുകിട-ഇടത്തരം വ്യാപാരമേഖലയിലേക്ക് രാജ്യാന്തര വിപണിയിൽ നിന്ന് സാധനങ്ങൾ എത്തിക്കുകയാവും വാൾമാർട്ട് ചെയ്യുകയെന്ന് ചൂണ്ടിക്കാട്ടിയ സിപിഎം ഇതോടെ കോടിക്കണക്കിന് ജനങ്ങളാണ് ദുരിതത്തിലാവുകയെന്നും പറഞ്ഞു. ഇത്തരം നീക്കങ്ങൾ അനുവദിക്കാൻ പാടില്ലാത്തതാണെന്നും സിപിഎം ആവശ്യപ്പെട്ടു.

ഫ്ലിപ്‌കാർട്ടിന്റെ 77 ശതമാനം ഓഹരികൾ 1.05 ലക്ഷം കോടി രൂപയ്ക്കാണ് അമേരിക്കൻ ചില്ലറ വ്യാപാര മേഖലയിലെ ഭീമനായ വാൾമാർട്ട് വാങ്ങിയത്. അടുത്ത പത്ത് വർഷത്തിനുളളിൽ 200 ബില്യൺ ഡോളറിന്റെ വ്യാപാരം നടക്കുമെന്ന് കരുതപ്പെടുന്ന ഇന്ത്യൻ ഓൺലൈൻ ചില്ലറ വ്യാപാര മേഖലയിലേക്ക് അമേരിക്കൻ കുത്തക കമ്പനിയ്ക്ക് വാതിൽ തുറന്ന് കിട്ടിയിരിക്കുകയാണ് ഇപ്പോൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook