ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമി. പൊതു സുരക്ഷാ ആക്ട് പ്രകാരം ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തെ തരിഗാമി നിശിതമായി വിമര്‍ശിച്ചു. ഇങ്ങനെ നടപടി സ്വീകരിക്കാന്‍ ഫറൂഖ് അബ്ദുള്ള ഭീകരവാദിയല്ലെന്ന് തരിഗാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം ഡല്‍ഹിയില്‍ വച്ചാണ് തരിഗാമി വാര്‍ത്താസമ്മേളനം നടത്തിയത്.

“ഞാന്‍ ഒരു വിദേശിയല്ല. ഫറൂഖ് അബ്ദുള്ളയോ മറ്റ് നേതാക്കളോ ഭീകരവാദികളുമല്ല. ജനങ്ങള്‍ കാരണമല്ല കശ്മീരിലെ സ്ഥിതി അതീവ മോശമായത്. കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം രാഷ്ട്രീയവും രാഷ്ട്രീയ നേതാക്കളുമാണ്” തരിഗാമി പറഞ്ഞു. കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കുന്നതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലായ നേതാവാണ് തരിഗാമി. വീട്ടുതടങ്കലിലുണ്ടായിരുന്ന നേതാക്കളില്‍ ഒരാള്‍ ആദ്യമായാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്.

Read Also: യെച്ചൂരിയുടെ നിയമപോരാട്ടം വിജയിച്ചു; തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

“ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് കശ്മീരിലെ ജനങ്ങളുടെ ഒരുമ തകര്‍ക്കപ്പെട്ടു. കശ്മീരിലെ സ്ഥിതിയെ കുറിച്ചോര്‍ത്ത് ഞെട്ടല്‍ തോന്നുന്നു. ഭരണഘടനാ സ്ഥാപകരുടെ താല്‍പര്യത്തിന് വിപരീതമായ കാര്യങ്ങളാണ് കശ്മീരില്‍ സംഭവിച്ചിരിക്കുന്നത്.” തരിഗാമി വ്യക്തമാക്കി.

Read Also: ഓഗസ്റ്റ് അഞ്ചിന് ശേഷം കശ്മീരിലെത്തുന്ന ആദ്യ ദേശീയ നേതാവ്; യെച്ചൂരി തരിഗാമിയുടെ വീട്ടില്‍

വീട്ടുതടങ്കലിലായിരുന്ന തരിഗാമിയെ കശ്മീരിലെത്തി സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി കണ്ടിരുന്നു. അതിനു പിന്നാലെയാണ് തരിഗാമിയെ വിദഗ്ധ ചികിത്സകള്‍ക്കായി ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. സെപ്റ്റംബര്‍ അഞ്ചിനാണ് തരിഗാമിയെ ഡല്‍ഹിയിലേക്ക് എത്തിച്ചത്. തരിഗാമിക്ക് കശ്മീരിലേക്ക് തിരിച്ചുപോകാമെന്നും കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook