ന്യൂഡൽഹി: ആഗസ്തിൽ കാലാവധി തീരാനിരിക്കെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാളിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ ഇദ്ദേഹം വീണ്ടും രാജ്യസഭയിലേക്ക് എത്തുമെന്ന് പ്രചരണം ഉണ്ടായ ഘട്ടത്തിലാണ് ഈ പ്രഖ്യാപനം.

പാർമെന്റിൽ രണ്ട് തവണ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇനി മത്സരിക്കില്ലെന്ന പ്രഖ്യാപനം സിപിഎം ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായത്. സിപിഎമ്മിൽ രണ്ടിൽ കൂടുതൽ തവണ ആരെങ്കിലും പാർലമെന്റിലേക്ക് മത്സരിക്കേണ്ടെന്ന് നേരത്തേ തന്നെ പാർട്ടിക്കകത്ത് തീരുമാനം എടുത്തിരുന്നു.

“ഇത് ഞങ്ങളുടെ പാർട്ടി തീരുമാനമാണ്. അതുകൊണ്ട് മൂന്നാം വട്ടം മത്സരിക്കാൻ താനില്ല. പാർട്ടിയുടെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഈ തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത എനിക്കുണ്ട്”സീതാറാം യെച്ചൂരി പറഞ്ഞു.

ബംഗാളിൽ നിന്ന് യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാൻ സിപിഎമ്മിന് ആൾബലമില്ലാതെ വന്ന സാഹചര്യത്തിൽ കോൺഗ്രസ് പിന്തുണയോടെ എത്താമെന്നായിരുന്നു തീരുമാനം. കോൺഗ്രസ് ഇക്കാര്യം അംഗീകരിച്ചതോടെ ദേശീയ തലത്തിൽ തന്നെ ഈ തീരുമാനം വലിയ തോതിൽ അഭിനന്ദിക്കപ്പെട്ടിരുന്നു. അതിനിടെയാണ് യെച്ചൂരിയുടെ പിന്മാറ്റം.

സിപിഎമ്മിന് വെസ്റ്റ് ബംഗാളിൽ ഇപ്പോഴുള്ളത് 26 എംഎൽഎ മാർ മാത്രമാണ്. അതേസമയം കോൺഗ്രസിന് 44 എംഎൽഎമാരുണ്ട്.

“പാർട്ടിയുടെ നയം യുവ നേതാക്കൾക്ക് പ്രാധാന്യം നൽകുന്നതിനാണ്. ഇത് ഒരു നിബന്ധന മാത്രമാണ് അത് എല്ലായ്പ്പോഴും പാലിക്കണമെന്ന് നിർബന്ധമില്ല. കൂട്ടായ തീരുമാനം രൂപപ്പെടുത്തുന്നതിലാണ് സിപിഎം വിശ്വസിക്കുന്നത്” എന്ന് സിപിഎം ഉന്നത നേതാക്കളിലൊരാൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ