തിരുവനന്തപുരം: ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച ബിജെപി മുൻ എംപി തരുൺ വിജയ്ക്ക് എതിരെ സിപിഎം നേതാവ് എം.എ.ബേബി. നോയിഡയിൽ ആഫ്രിക്കക്കാർക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അൽ ജസീറ ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബിജെപി നേതാവ് വിവാദ പ്രസ്താവന നടത്തിയത്. ‘തമിഴ്, കേരള, കർണാടക, ആന്ധ്ര തുടങ്ങി ദക്ഷിണേന്ത്യക്കാർക്കിടയിലാണ് ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങൾക്കു ചുറ്റും കറുത്ത നിറക്കാരാണ്. ഞങ്ങൾ വംശീയ വിരേധികളാണെങ്കിൽ ഇവർക്കു ചുറ്റും എന്തിനാണ് ഞങ്ങൾ ജീവിക്കുന്നതെന്നുമായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. തരുൺ വിജയ് ആർഎസ്എസിന്റെ ബുദ്ധികേന്ദ്രമാണ് എന്നും ഇയാളുടെ വാക്കുകൾ ആർഎസ്എസിന്റെ നിലപാട് ആണെന്നും എം.എ.ബേബി പറഞ്ഞു.

ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ നയരൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന തരുണിന്റെ പ്രസ്താവന വർഗീയ വിഷം ചീറ്റുന്നതാണെന്നും രാജ്യം ഇത് ഗൗരവത്തോടെ എടുക്കണമെന്നും സിപിഐഎം നേതാവ് പ്രതികരിച്ചു. ‘അയാൾ, ദക്ഷിണേന്ത്യക്കാരെ കറുത്തവർ എന്ന് വംശീയ അധിക്ഷേപം നടത്തുന്നത് ഒരു സാധാരണക്കാരൻ ചെയ്യുന്ന പോലെയല്ല. ഉത്തരേന്ത്യയിൽ ദക്ഷിണേന്ത്യക്കാരെ മദ്രാസികൾ എന്നും കറുത്തവരെന്നും വിളിക്കുന്ന ഒരു കാലമുണ്ടായിരുന്നു. അതിന്ന് മാറി വരികയാണ്. പക്ഷേ, ആർഎസ്എസുകാരായ വർഗീയവാദികൾക്കും വംശീയമേധാവിത്വവാദികൾക്കും ഇതുവരെ ആ മാറ്റത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഇവരാണ് ഇന്ത്യ ഭരിക്കുന്നത് എന്നതാണ് നമ്മുടെ ദൗർഭാഗ്യം’ ഐസക്ക് പറയുന്നു.

പ്രസ്താവന വിവാദമായതോടെ തരുൺ വിജയ് ട്വിറ്ററിലൂടെ ഇന്നലെ ക്ഷമ ചോദിച്ചിരുന്നു. താൻ പറഞ്ഞ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് വ്യത്യസ്ത നിറത്തിലുളള ജനങ്ങൾ ഉണ്ട്. അവർക്കുനേരെ ഒരിക്കലും ഒരു തരത്തിലുളള വിവേചനം കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഉത്തർപ്രദേശിലെ നോയിഡയിൽ കഴിഞ്ഞയാഴ്ചയാണ് നൈജീരിയക്കാർക്കുനേരെ ആക്രമണമുണ്ടായത്. ഇവിടെ ഒരു പതിനേഴുവയസ്സുകാരൻ അമിതമായി മയക്കുമരുന്നു കഴിച്ചു മരിച്ചിരുന്നു. മയക്കുമരുന്നു നൽകിയത് നൈജീരിയക്കാരാണെന്ന് ആരോപിച്ചാണു പ്രദേശവാസികള്‍ അഞ്ചു നൈജീരിയൻ വിദ്യാർഥികളെ ആക്രമിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ