തിരുവനന്തപുരം: ബീഫ് കയ്യിൽവച്ചതിന് ജനക്കൂട്ടം അരുംകൊല ചെയ്ത ഹരിയാനയിലെ ജുനൈദിന്റെ കുടുംത്തിന്‌ പത്തുലക്ഷം രൂപ ധനസഹായം നൽകുമെന്ന് സിപിഐഎം കേരള ഘടകം. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന കമ്മറ്റിയാണ് ജൂനൈദിന്രെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ജുനൈദിന്റെ കുടുംബം ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ, ബൃന്ദാകാരാട്ടിനൊപ്പം സന്ദർശിച്ച്‌
കുടുംബത്തിന്റെ സ്ഥിതി വിശദീകരിച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക്‌ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചുകൊണ്ടാണ്‌ സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റി ഈ തുക നല്‍കാന്‍ തീരുമാനിച്ചത്‌. പാര്‍ടി കേന്ദ്ര കമ്മിറ്റി വഴി ഈ തുക ജുനൈദിന്റെ കുടുംത്തിന്‌ നല്‍കുമെന്ന് സിപിഐം നേതാക്കൾ പറഞ്ഞു.

രാജ്യത്തെ മതനിരപേക്ഷ സമൂഹം കുടുംബത്തിനു പിന്തുണയുമായി എപ്പോഴും കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി ജുനൈദിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. ഹരിയാനയിലെ ഖംപി ഗ്രാമത്തിൽ ജുനൈദിന്റെ കുടുംബം ആരംഭിച്ച പഠനശാലയുടെ നിർമാണം പൂർത്തിയാക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് മുഖ്യമന്ത്രി അവരെ പറഞ്ഞയച്ചത്.

ജൂണ്‍ 22നാണ് 15കാരനായ ജുനൈദിനെ മഥുര ട്രെയിനില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ജുനൈദും സഹോദരങ്ങളായ ഹാഷിമും സാക്കിറും ഡല്‍ഹിയില്‍ ഈദ് ഷോപ്പിങ് കഴിഞ്ഞ് ബല്ലഭ്ഗഢിലെ വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങുമ്പോഴാണ് അക്രമം നടന്നത്. ദേശദ്രോഹികളെന്നും ബീഫ് തിന്നുന്നവരെന്നന്നും അധിക്ഷേപിച്ചായിരുന്നു മര്‍ദനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ