ന്യൂഡൽഹി: ബംഗാളിൽ നിന്നുള്ള നേതാവും രാജ്യസഭ എംപിയുമായ റിതബ്രത ബാനർജിയെ പുറത്താക്കിയതിലെ വിശദീകരണ കുറിപ്പ് സിപിഎം കേന്ദ്രകമ്മിറ്റി പുറത്തിറക്കി. ഇദ്ദേഹം പാർട്ടി വിരുദ്ധനും കമ്യൂണിസ്റ്റ് വിരുദ്ധനുമാണെന്ന് പത്രക്കുറിപ്പിൽ പാർട്ടി കുറ്റപ്പെടുത്തി.

പാർട്ടി അച്ചടക്കം ലംഘിച്ച റിതബ്രത ബാനർജി പൊതുമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്താനും ശ്രമിച്ചതായി പത്രക്കുറിപ്പിൽ സിപിഎം വിശദീകരിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും ബംഗാളിലെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ സൂര്യകാന്ത് മിശ്രയാണ് ഇതിലെ പാർട്ടി നടപടി വിശദീകരിച്ചത്.

“നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും റിതബ്രത ബാനർജി തനിക്ക് പറ്റിയ തെറ്റുകൾ തിരുത്താൻ തയ്യാറായില്ല. ഇതിന് ശേഷവും പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലാണ് അദ്ദേഹം പെരുമാറിയത്.”

സെപ്തംബർ 13 ന് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യം സെപ്തംബർ 15 ന് ചേർന്ന പൊളിറ്റ് ബ്യൂറോ യോഗം അംഗീകരിച്ചു.

നേരത്തേ ബംഗാൾ സംസ്ഥാന കമ്മിറ്റി ഇദ്ദേഹത്തിനെതിരായ ആരോപണങ്ങൾ പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇതിൽ റിതബ്രത ബാനർജിയുടെ ഭാഗത്ത് തെറ്റുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ മൂന്ന് മാസത്തേക്ക് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.

അന്വേഷണക്കമ്മിഷന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ റിതബ്രത ബാനർജിയിൽ നിന്ന് വിശദീകരണം വാങ്ങി. ഇത് തൃപ്തികരമായിരുന്നില്ല. ഇതിനാലാണ് ഇദ്ദേഹത്തിനെതിരെ നടപടി എടുക്കാൻ പാർട്ടി നിർബന്ധിതമായത്.

“പാർട്ടിയുടെ നടപടി അംഗീകരിച്ച് മുന്നോട്ട് പോകുന്നതിന് പകരം, ചില മാധ്യമങ്ങളെ ഉപയോഗിച്ച് പൊതുമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചതെന്നും സൂര്യകാന്ത് മിശ്ര കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ