ന്യൂഡൽഹി: വെസ്റ്റ് ബംഗാളിൽ നിന്ന് ഒരംഗത്തെയെങ്കിലും രാജ്യസഭയിലെത്തിക്കാൻ സിപിഎം കോൺഗ്രസിന്റെ സഹായം വീണ്ടും തേടിയേക്കുമെന്ന് റിപ്പോർട്ട്. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള അംഗങ്ങൾ ഈ വർഷം കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് ഇത്.

നിലവിൽ രാജ്യസഭയിൽ സിപിഎമ്മിന് മൂന്ന് അംഗങ്ങളാണ് ബംഗാളിൽ നിന്നുള്ളത്. സീതാറാം യെച്ചൂരി, തപൻ കുമാർസെൻ, റിതബ്രത ബാനർജി എന്നിവരാണിവർ. ഇവരിൽ റിതബ്രത ബാനർജി 2014 ലാണ് രാജ്യസഭ അംഗമായത്. പിന്നീട് കഴിഞ്ഞ വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സീറ്റുകൾ വീണ്ടും കുറഞ്ഞ സാഹചര്യത്തിലാണ് ഒറ്റ രാജ്യസഭ എംപി യെ പോലും ജയിപ്പിക്കാൻ സാധിക്കാത്ത നിലയിലേക്ക് കാര്യങ്ങൾ എത്തിയത്.

നിലവിൽ 22 അംഗങ്ങളാണ് സിപിഎം നയിക്കുന്ന ഇടതുമുന്നണിക്ക് ബംഗാളിൽ ഉള്ളത്. കോൺഗ്രസ്സിന് ഇവിടെ 44 അംഗങ്ങളുണ്ട്. തൃണമൂൽ കോൺഗ്രസിന് 211 അംഗങ്ങളാണ് നിയമസഭയിൽ ഉള്ളത്. ഒരു ഇടതംഗവും അഞ്ച് കോൺഗ്രസ് അംഗങ്ങളും കൂറുമാറിയിട്ടുണ്ട്. എന്നാൽ ഇവർ എംഎൽഎ സ്ഥാനം രാജിവച്ചിട്ടില്ല.

പതിനെട്ട് എംപി മാരാണ് ഇപ്പോൾ ബംഗാളിൽ നിന്ന് രാജ്യസഭയിലുള്ളത്. ഇവരിൽ ആറ് പേരാണ് അഞ്ച് പേരാണ് ഈ തവണ സ്ഥാനമൊഴിയുന്നത്. കോൺഗ്രസ് പിൻബലം ഇല്ലാതെ സിപിഎമ്മിന് അംഗത്തെ രാജ്യസഭയിലെത്തിക്കാൻ സാധിക്കില്ല.

കോൺഗ്രസിന് ഒരംഗത്തെ എത്തിക്കാനാകും. സിപിഎമ്മിന്റെ അംഗത്തെ സഹായിക്കാനും സാധിക്കും. എന്നാൽ പാർട്ടി കോൺഗ്രസിൽ സിപിഎം കോൺഗ്രസ് ബന്ധത്തിന് എതിർപ്പുള്ളത് കൊണ്ട് തന്നെ ഈ നീക്കം കേന്ദ്രകമ്മിറ്റി അംഗീകരിക്കാൻ ഇടയില്ല. അങ്ങിനെ വന്നാൽ ബംഗാൾ ഘടകവും സിപിഎം കേന്ദ്ര കമ്മിറ്റിയും രണ്ടു തട്ടിലാവും.

സിപിഎം ബംഗാൾ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര ഇത്തരം ആലോചനകൾ നടന്നിട്ടില്ലെന്ന് പിടിഐ യോട് വ്യക്തമാക്കി. “തിരഞ്ഞെടുപ്പ് ജൂലൈയിലാണ്. ഞങ്ങൾ ഈ വിഷയം ഇനിയും ചർച്ച ചെയ്തിട്ടില്ല” അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യസഭയിലേക്ക് അംഗത്തെ വിജയിപ്പിക്കാൻ കോൺഗ്രസിന്റെ സഹായം മാത്രമേ സിപിഎമ്മിന് തേടാനാകൂ.  2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സിപിഎം സഖ്യത്തിൽ മത്സരിച്ചത് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെ ആയിരുന്നില്ല.

തിരഞ്ഞെടുപ്പിൽ ഈ സഖ്യം കനത്ത പരാജയം നേരിട്ട സാഹചര്യത്തിൽ ഇക്കാര്യം പാർട്ടി കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരുന്നു. മത്സരത്തിൽ സഖ്യമുണ്ടാക്കിയത് പാർടി അംഗീകാരത്തോടെ അല്ലാത്തതിനാൽ തോൽവിയുടെ ഭാരവും സംസ്ഥാന സമിതിക്ക് മുകളിൽ കേന്ദ്ര കമ്മിറ്റി ചുമത്തുകയാണ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook