ന്യൂഡൽഹി: കോൺഗ്രസ് ബന്ധത്തിൽ അവതരിപ്പിച്ച കരട് രേഖ തളളിയതിന് പിന്നാലെ താൻ രാജിസന്നദ്ധത അറിയിച്ചുവെന്ന് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നേരത്തേ യെച്ചൂരിയുടെ രാജിസന്നദ്ധത വാർത്തകൾ നിഷേധിച്ച പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോൽക്കത്തയിൽ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും താൻ രാജിസന്നദ്ധത അറിയിച്ചിരുന്നുവെന്നാണ് സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. അതേസമയം രണ്ട് കമ്മിറ്റികളും രാജിയെ എതിർക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. “ഞാനീ കാര്യം അന്ന് പത്രസമ്മേളനത്തിൽ തന്നെ പറഞ്ഞതാണ്. കരട് രേഖ തളളിയതോടെ എനിക്ക് തുടരാൻ യോഗ്യതയില്ലെന്ന്. എന്നാൽ അത് പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന് തോന്നലുണ്ടാക്കുമെന്ന് രണ്ട് കമ്മിറ്റികളും പറഞ്ഞു. പ്രത്യേകിച്ചും ത്രിപുരയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ അത് പാടില്ലെന്ന് കേന്ദ്രകമ്മിറ്റിയിലെയും പൊളിറ്റ് ബ്യൂറോയിലെയും അംഗങ്ങൾ ഐകകണ്ഠേന അഭിപ്രായപ്പെട്ടു”, യെച്ചൂരി വ്യക്തമാക്കി.

“ഞാനിപ്പോഴും ജനറൽ സെക്രട്ടറിയായി തുടരുന്നത് കേന്ദ്രകമ്മിറ്റിക്കും പൊളിറ്റ് ബ്യൂറോയ്ക്കും ഞാൻ ജനറൽ സെക്രട്ടറിയായി തുടരണമെന്ന ആവശ്യം ഉളളത് കൊണ്ടാണ്”, എന്ന് യെച്ചൂരി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതേസമയം സിപിഎമ്മിനകത്ത് പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി വിഭാഗങ്ങൾ തമ്മിലുളള അഭിപ്രായ ഭിന്നത കരട് രേഖയോട് കൂടി മൂർച്ഛിച്ചതായാണ് പാർട്ടിക്ക് അകത്തുനിന്നുളള വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ