ന്യൂഡൽഹി: കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ശക്തരായ സ്ഥാനാർത്ഥികളെ പിന്തുണക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി സംസ്ഥാനത്ത് 18-19 സീറ്റുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾ മത്സരിക്കാത്ത സീറ്റുകളിൽ ബിജെപിക്കെതിരെ ശക്തരായ സ്ഥാനാർത്ഥി ആരായാലും പിന്തുണക്കാനാണ് ആഹ്വാനം. ഇതോടെ ജനതാദൾ എസിനും കോൺഗ്രസിനും സിപിഐഎമ്മിന്റെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പായി.

വർഗ്ഗീയ ശക്തികളെ തോൽപ്പിക്കണമെന്ന മുദ്രാവാക്യമാണ് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം ഉന്നയിക്കുന്നതെന്ന് യെച്ചൂരി വ്യക്തമാക്കി. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സിപിഎമ്മിന്റെ പ്രധാന ലക്ഷ്യം  ബിജെപിയെ പരാജയപ്പെടുത്തുകയാണ്.  ഞങ്ങൾ മത്സരിക്കുന്ന സീറ്റിലൊഴികെ മറ്റെല്ലായിടത്തും ബിജെപിക്കെതിരെ അതിശക്തരായ സ്ഥാനാർത്ഥികളെയാകും പാർട്ടി പിന്തുണയ്ക്കുക” യെച്ചൂരി വ്യക്തമാക്കി.

ബിജെപിക്കെതിരായ ശക്തരായ സ്ഥാനാർത്ഥികളെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയതോടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പിന്തുണക്കുമെന്നാണ് സിപിഎം ജനറൽ സെക്രട്ടറി പരോക്ഷമായി വ്യക്തമാക്കിയിരിക്കുന്നത്.

“ഏതെങ്കിലും പാർട്ടിയ്ക്ക് അല്ല പിന്തുണ. ബിജെപിയെ പരാജയപ്പെടുത്താൻ അണികളോടും അനുഭാവികളോടും ആഹ്വാനം ചെയ്യും,” സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇക്കാര്യം വിശദീകരിച്ചു.

രാജ്യത്താകമാനം ഉണ്ടായിരിക്കുന്ന വർഗ്ഗീയ ശാക്തീകരണത്തിൽ സിപിഎം അതിയായ ആശങ്ക പ്രകടിപ്പിച്ചു. വിദ്വേഷ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിമാർ പോലും വർഗ്ഗീയ ശാക്തീകരണത്തിന് ശ്രമിക്കുന്നുവെന്ന് സിപിഎം കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ